തിരുവനന്തപുരം: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ ഘട്ട ലിസ്റ്റ് പുറത്തിറങ്ങി. 388 കുടുംബങ്ങളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇന്നലെ ചേർന്ന ഡി.ഡി.എം.എ യോഗം അന്തിമമായി അംഗീകരിച്ച ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാൻ 15 ദിവസം അനുവദിച്ചിട്ടുണ്ട്. മേപ്പാടി ഗ്രാമപഞ്ചായത്തിലും വെള്ളാർമല വില്ലേജിലും ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇവിടെ 15 ദിവസം പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കും.
15 ദിവസത്തിനുള്ളിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലോ വെള്ളാർമല വില്ലേജ് ഓഫിസിലോ വൈത്തിരി താലൂക്ക് ഓഫിസിലോ സബ്കലക്ടറുടെ മെയിലിലോ ഹെൽപ് ഡെസ്‌കിലോ പരാതി നൽകാവുന്നതാണ്. 15 ദിവസം കഴിഞ്ഞാൽ സബ് കലക്ടർ റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ആക്ഷേപം ഉന്നയിച്ചവരുടെ സ്ഥലം നേരിട്ട് പരിശോധിച്ച് കരട് തയാറാക്കും. അത് ഡി.ഡി.എം.എ പരിശോധിച്ച് ജനുവരി പകുതിയോടെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ലിസ്റ്റ് പുറത്തിറക്കി ഏതാനും ദിവസങ്ങൾക്കകം രണ്ടാമത്തെ ലിസ്റ്റ് കൂടി പുറത്തിറക്കും.
കൂടാതെ സബ് കലക്ടറുടെ നേതൃത്വത്തിൽ ജനുവരി മുതൽ ഒരു സെൽ രൂപീകരിക്കുമെന്നും മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50 പേരെ ഒരു ക്ലസ്റ്റർ ആക്കി മാറ്റി, കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം എല്ലാ മാസവും ഒരു തവണ ദുരന്തബാധിതരായ ആളുകളെ നേരിട്ട് വിളിക്കുകയും അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരിശോധിക്കുകയും ചെയ്യും.
ദുരന്തബാധിതരെ പണം കൊടുത്ത് കിട്ടുന്ന സ്ഥലങ്ങളിലേക്ക് പറഞ്ഞു വിടുകയല്ല. അവരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്തുകൊണ്ടാണ് ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് പോയതെന്നും മന്ത്രി വ്യക്തമാക്കി.
വിധി വന്നാലുടൻ നിർമാണമെന്ന് മന്ത്രി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായി കണ്ടെത്തിയ ഭൂമി സംബന്ധിച്ച കേസിൽ കോടതിവിധി വന്നാൽ മണിക്കൂറുകൾക്കുള്ളിൽ നിർമാണത്തിനുള്ള തുടർപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് റവന്യു മന്ത്രി കെ.രാജൻ. കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുമ്പോൾ അർഹതപ്പെട്ട സംഖ്യ കോടതി പറയുന്ന സമയത്ത് നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ പണം ലഭിക്കുമോ എന്ന ആശങ്കകൊണ്ടാകാം എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്.
ദുരന്തബാധിതരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ടൗൺഷിപ്പ് എന്നതിലേക്ക് എത്തിയത്. സർവകക്ഷി യോഗവും ഇതംഗീകരിച്ചു. കേന്ദ്ര സർക്കാരിനു കണക്കു നൽകുന്നതിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ടാണ് കേന്ദ്രത്തിൽനിന്നുള്ള ധനസഹായം ലഭിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പുനരധിവാസം പൂർത്തിയാവുന്നതുവരെ ഒരാളുടെയും വീട്ടുവാടകയ്ക്ക് മുടക്കം ഉണ്ടാവില്ല. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ചില ആളുകളുടെ വാടക കുടിശികയടക്കം നൽകി കഴിഞ്ഞുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.