തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒന്നാം കല്ല് പുതുവീട്ടില്‍ നബീസ (68) യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം കാലത്ത് 8 മണി യോടു കൂടിയാണ് സംസ്ഥാന പാതയില്‍ ഒന്നാം കല്ല് ബസ്‌സ്റ്റോപ്പിന് സമീപം സ്വകാര്യ ബസ് വയോധികയുടെ കാലിലൂടെ കയറിയിറങ്ങിയത്.
കുന്ദംകുളത്തേക്കുള്ള ബസ് മാറി കറുവത്തൂരിലേക്ക് പോകുന്ന ബസില്‍ കയറുകയും, പിന്നീട് കുന്ദംകുളത്തേക്കുള്ള ബസിലല്ല താന്‍ കയറിയതെന്നറിഞ്ഞ ഉടനെ ബസില്‍ നിന്ന് ഇറങ്ങിയ വയോധിക വീഴുകയുമായിരുന്നു. റോഡില്‍ വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസ്സിന്റെ പിന്‍ ചക്രം കയറിയിറങ്ങുകയുമായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും, വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് ആംബുലന്‍സില്‍ ചികില്‍സയ്ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും,അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ തുടരുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
ഭര്‍ത്താവ്: പരേതനായ മുഹമ്മദ്.മക്കള്‍: പരേതനായ ബാബു, സീനത്ത്.മരുമകന്‍. ബാവ.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. അതേസമയം, ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.