Wednesday, January 22, 2025
Sabari mala News

ശബരിമലയിൽ ദിലീപിന് വിഐപി പരി​ഗണന; ‘ഭക്തരെ തടയാൻ ആരാണ് അനുവാദം നൽകിയത്?’ ഹൈക്കോടതി


കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിന് വിഐപി പരി​ഗണന നൽകിയത് ​ഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും കോടതി ചോദിച്ചു. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞുവെച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മറ്റ് ഭക്തർക്ക് തടസം നേരിട്ടുവെന്ന് മനസ്സിലായെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ദിലീപിന് സോപാനത്തിന് സമീപം ഹരിവരാസനം ചൊല്ലിത്തീരുന്നത് വരെ ദർശനത്തിന് അവസരമൊരുക്കിയതിനെതിരെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു. ദൃശ്യങ്ങൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ ഹാജരാക്കിയതിനെ തുടർന്ന് തുറന്ന കോടതിയിൽ വെച്ച് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പരിശോധിച്ചു കൊണ്ടിരിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവരെപ്പോലുള്ള ആളുകൾക്ക് എന്തിന്റെ പേരിലാണ് പ്രത്യേക പരി​ഗണന നൽകുന്നത്? ഇത്തരം ആളുകൾക്ക് പ്രത്യേക പരി​ഗണന നൽകുന്നതിന്റെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു.

ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തർ അവിടെ ദർശനത്തിനായി കാത്തുനിൽപ്പുണ്ടായിരുന്നു. ദിലീപിന്റെ ദർശനത്തിനായി ആദ്യത്തെ നിരയിൽ തന്നെ ഭക്തരെ തടഞ്ഞു. ഇത് അനുവദിക്കാനാകില്ല. ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്? മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ഒരു ഉദ്യോ​ഗസ്ഥനും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.


Reporter
the authorReporter

Leave a Reply