Thursday, January 23, 2025
General

സംസ്ഥാനത്ത് 6 ഇടങ്ങളിൽ വാഹനാപകടം; എറണാകുളത്തും കണ്ണൂരും ബസ്സപകടം, 3 മരണം


കോഴിക്കോട്: സംസ്ഥാനത്ത് 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങിൽ 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരും 4 വയസ്സുള്ള നൂറ ഫാത്തിമ്മയുമാണ് മരിച്ചത്.

തൃശൂർ ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞാണ് നാലു വയസുകാരി മരിച്ചത്. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം. കുഞ്ഞിൻ്റെ മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോയിലിടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടി മരിക്കുകയും മാതാവ് റെയ്ഹാനയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കണ്ണൂർ മട്ടന്നൂർ ഉളിയിലുണ്ടാ വാഹനാപകടത്തിൽ 2 പേർ മരിക്കുകയും മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ബീനയുടെ മകൻ ആൽബിൻ, ഭർത്താവ് ബെന്നി എന്നിവരാണ് ചികിത്സയിലുള്ളത്.

പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്കൂൾബസും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെ പൊമ്പ്ര കൂട്ടിലക്കടവിലായിരുന്നു സംഭവം. കോഴിക്കോട് ജില്ലയിൽ ഇന്ന് രാവിലെ 2 അപകടങ്ങളാണ് നടന്നത്. വെസ്റ്റ്ഹിൽ ചുങ്കത്തിനു സമീപം ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. രാവിലെ 7 മണിയോടെ ആണ് അപകടം. അപകടത്തിൽ ചാക്ക് കയറ്റിവന്ന ലോറി കയറ്റം കയറുമ്പോൾ ഒരുവശത്തേക്ക് ചെരിയുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ തെന്നിമാറി സമീപത്തെ പറമ്പിലേക്ക് കയറുകയും ഇവിടെയുണ്ടായിരുന്ന തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

എറണാകുളം പറവൂരിൽ നിന്നും വൈറ്റില ഹബ്ബിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു 30 പേർക്ക് പരിക്ക്. ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബസ്സിൻ്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വള്ളുവള്ളി അത്താണിയിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.


Reporter
the authorReporter

Leave a Reply