General

‘മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം’ എം.വി ഗോവിന്ദന്‍


തിരുവനന്തപുരം: കെ. മുരളീധരന്‍ നിയമസഭയില്‍ എത്തുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഭയപ്പെടുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുരളീധരനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

മുരളി നിയമസഭയിലെത്തിയാല്‍ തന്റെ അപ്രമാദിത്വം തകരുമെന്ന് മറ്റാരെക്കാളും അറിയുന്നത് സതീശനാണ്. അതുമാത്രമല്ല മുരളി വന്നാല്‍ ബിജെപിയുമായുള്ള ഡീല്‍ പാലിക്കാനാകുമെന്നതിന് ഉറപ്പുമില്ല. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും എംവി ഗോവിന്ദന്‍ ആരോപിക്കുന്നു. കരുണാകരനുമായി അടുത്തുനില്‍ക്കുന്നവര്‍ക്ക് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. പ്രാഥമികമായി നേതൃത്വം സമര്‍പ്പിച്ച മൂന്നുപേരുടെ ലിസ്റ്റില്‍ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ മുരളീധരന്‍, ഡോ.പി സരിന്‍, വി.ടി ബല്‍റാം എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാത്ത ഒരാളെ അടിച്ചേല്‍പ്പിക്കുകയാണ് വിഡി സതീശനും കൂട്ടരും ചെയ്തതെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും എംവി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഡോ. സരിന്‍ വിദ്യാസമ്പന്നനായ നല്ല ചെറുപ്പക്കാരനാണെന്ന് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമായ ശശിതരൂര്‍തന്നെ പറഞ്ഞു. സരിന്റെ പ്രചാരണത്തില്‍ ഭാഗഭാക്കാകുന്ന ആള്‍ക്കൂട്ടവും അതില്‍ യുവാക്കളുടെ വര്‍ധിച്ച പങ്കാളിത്തവും പോരാട്ടം കടുത്തതാണെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കോണ്‍ഗ്രസിലെ പ്രതിസന്ധിയെ സമര്‍ഥമായി ഉപയോഗിക്കുകയെന്ന അടവുനയമാണ് എല്‍ഡിഎഫ് പാലക്കാട്ട് സ്വീകരിച്ചത്. അതിനെ പാര്‍ടി അണികളും ബന്ധുക്കളും ഘടകകക്ഷികളും അഭിപ്രായവ്യത്യാസമേതുമില്ലാതെ സ്വീകരിക്കുകയു ചെയ്തു- ലേഖനത്തില്‍ വ്യക്തമാക്കുന്നു.


Reporter
the authorReporter

Leave a Reply