General

ഉമ തോമസ് എം.എല്‍.എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും


കൊച്ചി: ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അതേ സമയം, അപകട നില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. അവര്‍ ഡോക്ടേഴ്‌സിനോടും മക്കളോടും സംസാരിച്ചെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രതീക്ഷയായി ഉമ തോമസിന്റെ കുറിപ്പ് രാവിലെ പുറത്തു വന്നിരുന്നു, എം.എല്‍.എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് പുറത്തുവന്നത്. വാടകവീട്ടില്‍ നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കുറിപ്പ്. പാലാരിവട്ടം പൈപ്പ് ലൈന്‍ ജങ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാടക വീട്ടിലാണ് ഉമ തോമസും കുടുംബവും നിലവില്‍ താമസിക്കുന്നത്. തിരികെ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.

അവിടെ നിന്ന് വീട്ടിലേക്കു മാറുമ്പോള്‍ എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുണ്ട്.’വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്.
എക്‌സര്‍സൈസിന്റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്.

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണുപരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് ആദ്യമായാണു കിടക്കയില്‍ എഴുന്നേറ്റിരിക്കുന്നതും എഴുതുന്നതും. കഴിഞ്ഞ ദിവസം പുതുവര്‍ഷ ദിനത്തില്‍ പതിഞ്ഞ ശബ്ദത്തില്‍ ഉമ തോമസ് മക്കളോട് ആശംസകളറിയിച്ചിരുന്നു.

സി.പി.എം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ഷെലജ ടീച്ചര്‍ റിനായ് മെഡിസിറ്റിയില്‍ ഉമാ തോമസ്എം.എല്‍.എയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.മനസ്സില്‍ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടമെന്ന് സന്ദര്‍ശനത്തിന് ശേഷം ഷൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉമയുടെ പ്രിയപ്പെട്ട മക്കള്‍ വിഷ്ണു തോമസിനെയും വിവേക് തോമസിനെയും പിടിയുടെ സഹോദരനെയും കണ്ടു. ആശുപത്രി സി.ഇ.ഒ , എംഡി എന്നിവരുമായി സംസാരിച്ചപ്പോള്‍ ഏറെ ആശ്വാസം തോന്നി. എം.എല്‍.എ മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയും വേഗം ഉണ്ടായ പ്രയാസങ്ങളില്‍ നിന്ന് മോചിതയാകട്ടെ എന്ന് ആശിക്കുന്നുവെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാവാതെ ദിവ്യ അമേരിക്കയിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസമാക്കിയ നടി നവംബര്‍ മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്.


Reporter
the authorReporter

Leave a Reply