LatestLocal News

ആലുവയില്‍ ഊബര്‍ ഡ്രൈവറെ ആക്രമിച്ച സംഭവം ; മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് പൊലിസ്


ഊബര്‍ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് ആലുവ പൊലിസ്. മെട്രോ സ്‌റ്റേഷന് മുന്നില്‍ ആലുവ ചുണങ്ങം വേലി സ്വദേശികളായ നിസാര്‍, അബൂബക്കര്‍ അശോകപുരം സ്വദേശി ഉണ്ണി എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്.

ഊബര്‍ ഓട്ടോ ഡ്രൈവറായ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മര്‍ദനമേറ്റത്. ഊബറില്‍ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊണ്ടു പോകുന്നതിന്റെ പേരിലാണ് ഇവിടെ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇയാളെ മര്‍ദിച്ചത്. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ ഷാജഹാന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ സഹോദരി ജാസ്മി ബുധനാഴ്ച ആലുവ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഷാജഹാന്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചോര ഛര്‍ദിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

ആക്രമിച്ചവരെ രക്ഷിക്കാന്‍ പൊലിസിന്റെ ശ്രമമെന്ന്
ആലുവ മെട്രോസ്‌റ്റേഷനു മുന്നില്‍ ഊബര്‍ ഡ്രൈവറെ ആക്രിമിച്ചവരെ രക്ഷിക്കാന്‍ പൊലിസ് ശ്രമിക്കുന്നതായി ആക്ഷേപം. അതിക്രൂരമായി ഊബര്‍ ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച അനധികൃത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ യൂനിയന്‍ നേതാക്കളുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.

ഈഭാഗത്ത് പതിവായി അതിക്രമങ്ങള്‍ നടത്തുന്നവരാണ് പ്രതികളെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. യൂനിയന്‍ നേതാക്കളുടെ പിന്‍ബലത്തിലാണ് ഇവരുടെ ഗുണ്ടായിസം .ഇതിനെല്ലാം പൊലിസ് ഒത്താശയുളളതായും ഓട്ടോ ഡ്രൈവര്‍മാരടക്കമുള്ളവര്‍ ആരോപിക്കുന്നു. ആന്തരികാവയവത്തിന് കേടുപറ്റി യുവാവ് ഇപ്പോഴും ആശുപത്രിയിലാണ്. എന്നിട്ടും കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടില്ല. പകരം ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഡ്രൈവര്‍ക്ക് രക്തസ്രാവമുണ്ടായത് മര്‍ദനമേറ്റിട്ടാണോയെന്നതുള്‍പ്പെടെ മെഡിക്കല്‍ റിപോര്‍ട്ട് പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ കഴിയൂവെന്ന നിലപാടിലാണ് പൊലിസ്. ഡ്രൈവര്‍ ഷാജഹാനെ ക്രൂരമായി തല്ലച്ചതക്കുന്ന വിഡിയൊ ദൃശ്യങ്ങളുണ്ടായിട്ടും അതൊന്നും പൊലിസ് മുഖവിലക്കെടുക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.


Reporter
the authorReporter

Leave a Reply