കോഴിക്കോട്: ഫറോക്ക് റയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുന്ന സമയം ദീർഘിപ്പിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.
ഒരു മിനിറ്റ് മാത്രം ഫറോക്കിൽ നിർത്തുന മംഗള എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തലശേരി സ്വദേശിനി പാളത്തിൽ വീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് കേസ് രജിസ്റ്റർ ചെയ്തത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
പല ട്രെയിനുകളും ഒരു മിനിറ്റിന് താഴെയാണ് ഫറോക്ക് സ്റ്റേഷനിൽ നിർത്തുന്നത്. പലർക്കും കൃത്യമായി ട്രെയിനിൽ കയറാനും കഴിയാറില്ല. ട്രെയിൻ നിർത്തുന്ന സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു കേസ് ജൂലൈയിൽ കോഴിക്കോട് പരിഗണിക്കും.