General

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവം: അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി

Nano News

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്നും കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നൽകാനും സംഘടന ആലോചിക്കുന്നു.

പഞ്ചാരക്കൊല്ലിയിലെ കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കഴുത്തിലെ മുറിവുകൾ ആണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം.

പഞ്ചാരക്കൊല്ലിയില്‍ ജനുവരി 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനം വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. കടുവക്കായി തെരച്ചിൽ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ആര്‍ആര്‍ടി സംഘാംഗമായ ജയസൂര്യയ്ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായി. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടു. അതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.


Reporter
the authorReporter

Leave a Reply