Thursday, January 23, 2025
General

സ്വർണക്കപ്പുയർത്തി തൃശ്ശൂർ, ആവേശമായി ടൊവിനോയും ആസിഫും


തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പടിച്ച് തൃശൂർ. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അനന്തപുരിയിൽ തൃശൂർ പൂരം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂരും പാലക്കാടും തമ്മിലായിരുന്നു അവസാനം വരെ പൊരിഞ്ഞ പോര്. ക്ലൈമാക്സിൽ കോഴിക്കോട് കയറിവരുമോ എന്ന ആകാംക്ഷക്കിടെയാണ് 1008 പോയിൻറുമായി തൃശൂർ മിന്നിച്ചത്. 1007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലും 1003 പോയിന്റോടെ കണ്ണൂർ മൂന്നാമതും എത്തി.

അവസാന ദിവസം നേടിയ പോയിന്റാണ് 1999 ന് ശേഷം തൃശൂരിലേക്ക് കിരീടമെത്തിച്ചത്. 171 പോയിൻറുമായി ആലത്തൂർ ഗൂരുകുലം എച്ച് എസ്എസ് ചാമ്പ്യൻ സ്കൂളായി. 116 പോയിൻറ് നേടിയ വഴുതക്കാട് കാർമൽ സ്കൂളിന് രണ്ടാം സ്ഥാനം നേടാനായി. വിദ്യാഭ്യാസമന്ത്രിയടക്കമുള്ള സംഘാടകരെ അഭിനന്ദിച്ച് സമാപന സമ്മേളത്തിലെ ഉദ്ഘാടകനായ പ്രതിപക്ഷനേതാവ്. കാര്യമായ പരാതികളോ പ്രതിഷേധങ്ങളോ ഇല്ലാതെ സമയക്രമം പാലിച്ച മത്സരങ്ങളോടെയാണ് തിരുവനന്തപുരം മേളക്ക് തിരശ്ശീല വീണത്.


Reporter
the authorReporter

Leave a Reply