ശരീരത്തിന് കാൽസ്യം ആഗിരണം ചെയ്ത് ശക്തമായ അസ്ഥികൾ നിർമ്മിക്കാനും നിലനിർത്താനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിൻ ഡി. ഇത് രോഗപ്രതിരോധ ആരോഗ്യത്തെയും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നു. ചർമ്മം സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. കൂടാതെ ചില ഭക്ഷണങ്ങളിലും സപ്ലിമെന്റുകളിലും ഇത് കാണപ്പെടുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പ്രായഭേദമന്യേ 70–100% ഇന്ത്യക്കാർക്കും വിറ്റാമിൻ ഡിയുടെ അളവ് കുറവായിരിക്കാമെന്ന് പഠനങ്ങൾ കണക്കാക്കുന്നു. വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് അസ്ഥികൾ പൊട്ടിപോകാനും കുട്ടികളിൽ റിക്കറ്റുകളിലേക്കോ മുതിർന്നവരിൽ ഓസ്റ്റിയോപൊറോസിസിനുമുള്ള സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡിയുടെ കുറവ് പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. പ്രത്യേകിച്ച് പ്രായമായവരിൽ.
അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ ഒരു പങ്കു വഹിക്കുന്നു. ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നത് ഇടയ്ക്കിടെയുള്ള ജലദോഷം അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. വിറ്റാമിൻ ഡി യുടെ കുറവ് ഹൃദ്രോഗം, പ്രമേഹം, മാനസികാവസ്ഥാ തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു
രാവിലെയോ ഉച്ചയ്ക്കോ വെറും 10-20 മിനിറ്റ് നേരം സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും. സാൽമൺ, അയല, ട്യൂണ, സാർഡിൻ എന്നിവ പ്രകൃതിദത്ത വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്. ഇവ വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാം. ഈ മത്സ്യങ്ങളിൽ ഒമേഗ-3 യും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിനൊപ്പം ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
മുട്ടയുടെ മഞ്ഞക്കരുവിൽ സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് വിറ്റാമിൻ ഡിയുടെ അളവ് കൂട്ടുന്നു. ഷിറ്റേക്ക് പോലുള്ള ചില കൂണുകൾ വിറ്റാമിൻ ഡി 2 ലഭിക്കുന്നതിന് സഹായിക്കുന്നു. സലാഡുകൾ, സൂപ്പുകൾ അല്ലെങ്കിൽ സ്റ്റിർ-ഫ്രൈകൾ എന്നിവയിൽ ഇവ ചേർക്കുന്നത് ഏറെ നല്ലതാണ്.










