ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസ്സമാകുന്നതായും കലക്ടർ പറഞ്ഞു. അറുപത്തഞ്ചു വയസ്സുള്ള സി.കെ ഉസ്സൻ കുട്ടിയെ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കലക്ടർ ആശ്വസിപ്പിച്ചു.
ലിന്റോ ജോസഫ് എം എൽ എ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം ഫയർസ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു,എൻ ഡി ആർ എഫ് എന്നിവരുമായി കലക്ടർ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടർമാരായ ഇ. അനിത കുമാരി, പി.എൻ പുരഷോത്തമൻ എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.