കോഴിക്കോട്: ഒരു പെന്‍സില്‍ മുനയോളം വലിപ്പത്തില്‍ വരച്ച ഗാന്ധിജിയുടെ ചിത്രത്തിലൂടെ മൂന്ന് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് വടകര സ്വദേശി അനുരൂപ്. അഞ്ചര മില്ലീമീറ്റര്‍ വീതിയും ആറ് മില്ലീമീറ്റര്‍ നീളവുമുള്ള ഗാന്ധി ചിത്രത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ‍്സ് എന്നിവയില്‍ ഇടം നേടിയിരിക്കുകയാണ് ഈ മള്‍ട്ടി മീഡിയ ഡിസൈന്‍ വിദ്യാര്‍ത്ഥി.
വടകര വൈക്കിലശ്ശേരി സ്വദേശിയായ അനുരൂപ് കൂലിപ്പണിക്കാരനായ ഗോപിയുടെയും അജിതയുടെയും മകനാണ്. യു.പി സ്കൂൾ കാലഘട്ടം മുതൽ തന്നെ ചിത്രം വരക്കാൻ താൽപര്യം ഉണ്ടായിരുന്ന അനുരൂപ്, യുട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയാണ് ചിത്ര രചനയുടെ പാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് ചിത്രങ്ങള്‍ വരച്ച് സോഷ്യല്‍ മീഡിയയിലൂടെ തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചു. സുഹൃത്തുക്കളില്‍ നിന്ന് ഉള്‍പ്പെടെ നല്ല പിന്തുണ കിട്ടാന്‍ തുടങ്ങിയതോടെ ചിത്ര രചനാ രംഗത്ത് കുടുതല്‍ സജീവമായി. ക്രമേണ ചിത്ര രചനയില്‍ നിന്നു തന്നെ ചെറിയ തോതില്‍ പണം സമ്പാദിക്കാനും ആരംഭിച്ചു.
ഇതിനിടെയാണ് ചിത്ര രചനാ ലോകത്ത് തന്നെ അല്‍പം വേറിട്ട രീതിയായ മൈക്രോ ഡ്രോയിങ് പരിശീലിച്ചത്. അതില്‍ തന്നെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കണമെന്നതും അനുരൂപിന്റെ സ്വപ്നമായി മാറി. അങ്ങനെയാണ് ഏറ്റവും ചെറിയ മഹാത്മാഗാന്ധിയുടെ ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചതെന്ന് അനുരൂപ് പറയുന്നു. ഏഴ് മില്ലീമീറ്റര്‍ വീതിയും ആറ് മില്ലീമീറ്റര്‍ നീളവുമുള്ളതായിരുന്നു ഇതുവരെയുള്ള ഏറ്റവും ചെറിയ ഗാന്ധിജിയുടെ ചിത്രം. അതിനേക്കാള്‍ ചെറുതായി അനുരൂപ് വരച്ച ചിത്രം 5.5 മില്ലീമീറ്റര്‍ വീതിയും ആറ് മില്ലീമീറ്റര്‍ നീളത്തിലുമായിരുന്നു. ആദ്യം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും പിന്നീട് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും അതിന് ശേഷം ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‍സിലും ഇത് ഇടം നേടുകയും ചെയ്‍തു.