General

വിമാനത്താവളത്തിൽ കറന്റ് പോയി; ഇരുട്ടിലായി യാത്രക്കാർ, വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

Nano News

മാഞ്ചസ്റ്റർ: യുകെയിലെ പ്രസിദ്ധമായ മാഞ്ചസ്റ്റർ എയർപോർട്ടിൽ പവർ കട്ട് മൂലം വലഞ്ഞ് യാത്രക്കാർ. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ പലരുടെയും യാത്ര മുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ പവർ കട്ട് മൂലം വിമാനത്താവളത്തിന്റെ പ്രവർത്തനം താളം തെറ്റി. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.

വൈദ്യുതി ഇല്ലാതായതോടെ ടെർമിനലുകൾ 1, 2 എന്നിവിടങ്ങളിൽ നിന്നുള്ള ഗണ്യമായ എണ്ണം വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തെന്ന് എയർപോർട്ട് വക്താവ് പറഞ്ഞു. വൈദ്യുതി വിതരണത്തിലെ പ്രശ്‌നം വിമാനത്താവളത്തെയും മറ്റ് നിരവധി കെട്ടിടങ്ങളെയും ബാധിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ആഘാതം ദിവസം മുഴുവൻ സേവനങ്ങളെ ബാധിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

യാത്രക്കാരോട് വിമാനത്താവളത്തിൽ നിന്ന് മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പവർ കട്ട് ബാഗേജുകളെയും സുരക്ഷാ സംവിധാനങ്ങളെയും ബാധിച്ചതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബാഗേജ് സംവിധാനത്തിലെ പ്രശ്‌നങ്ങൾ കാരണം യാത്രക്കാർക്ക് ക്യാബിൻ ബാഗുമായി മാത്രമേ വിമാനത്തിൽ കയറാൻ കഴിയൂ എന്ന് ഈസിജെറ്റ് എയർലൈൻ വക്താവ് പറഞ്ഞതായും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ ടെർമിനൽ 3 ൽ നിന്ന് വിമാനങ്ങൾ പുറപ്പെട്ടിരുന്നു. പക്ഷെ വൈകിയാണ് മിക്ക വിമാനങ്ങളും പറന്നത്.

പിന്നീട്, പ്രവർത്തനം പുനരാരംഭിച്ചതായും ഉച്ചയ്ക്കും വൈകുന്നേരവും വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എയർപോർട്ട് അധികൃതർ അറിയിച്ചു. വൈദ്യുതി മുടക്കത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല, എന്നാൽ വരും ദിവസങ്ങളിൽ റദ്ദാക്കിയ ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റർ എയർപോർട്ട് പ്രസ്താവനയിൽ പറഞ്ഞു, തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെ ബാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.


Reporter
the authorReporter

Leave a Reply