Saturday, November 23, 2024
Local News

തോട്ടം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഒരാഴ്ചയ്ക്കുള്ളിൽ നൽകി തുടങ്ങും


ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളിൽ നൽകി തുടങ്ങും. വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് ഇതിനുള്ള തിരുമാനം എടുത്തത്.

ഇടുക്കിയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാൻറേഷൻസ് , പ്രതിസന്ധിയിലും പ്രവർത്തിക്കുന്ന മ്ലാമല എന്നീ തോട്ടങ്ങളിൽ നിന്നും പിരിഞ്ഞ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. കമ്പനികൾ അംഗീകരിച്ച 5.4 കോടി രൂപയാണ് ഇപ്പോൾ നൽകുക. തൊഴിലാളിക്ക് നൽകാനുള്ള തുക പീരുമേട് ടീ കമ്പനി അടക്കാത്തതിനെ തുടർന്ന് രണ്ടു കോടി എട്ടു ലക്ഷം രൂപ സർക്കാരാണ് ലേബർ കമ്മീഷണറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. മ്ലാമല എസ്റ്റേറ്റ് ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രൂപയും, എം.എം.ജെ. ഒരു കോടി അറുപത്തി മൂന്ന് ലക്ഷവും അടച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക ആറ് മാസത്തിനകം കൊടുക്കാൻ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ടു മാസം മുൻപ് ഉത്തരവിട്ടിരുന്നു. തൊഴിലാളികളുടെ അക്കൗണ്ടിൽ ഗ്രാറ്റുവിറ്റി തുക നിക്ഷേപിക്കാനാണ് കോടതി നിർദേശം. സുപ്രീം കോടതി നിയമിച്ച ഏകാംഗ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്. എന്നാൽ, കമ്മിഷൻ കണ്ടെത്തിയ ഗ്രാറ്റുവിറ്റി കുടിശ്ശിക തോട്ടം മാനേജ്മെന്റുകൾ നൽകിയ കണക്കിനേക്കാൾ കൂടുതലാണ്. തൊഴിലാളികൾക്ക് 28 കോടി 12 ലക്ഷത്തിലധികം രൂപ ഗ്രാറ്റുവിറ്റി കുടിശിക ഉണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.

ഇത് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ തോട്ടം മാനേജ്മെന്റ് സമർപ്പിച്ച തുക നൽകാനാണ് ഇപ്പോൾ ഉത്തരവിട്ടത്. കമ്മിഷൻ സമർപ്പിച്ച കണക്കാണ് ശരിയെന്ന് കണ്ടെത്തിയാൽ ബാക്കിയുള്ള തുക കോടതി നിശ്ചയിക്കുന്ന പലിശ സഹിതം ഉടമകൾ നൽകണം. ഇൻറർ നാഷണൽ യൂണിയൻ ഓഫ് ഫുഡ് അഗ്രികൾച്ചറൽ ആന്റ് അതേഴ്സ് എന്ന സംഘടന നൽകിയ ഹർജിയെ തുടർന്നാണ് ഗ്രാറ്റുവിറ്റി പ്രശ്നത്തിൽ സുപ്രീം കോടതി ഇടപെട്ടത്.


Reporter
the authorReporter

Leave a Reply