Saturday, November 23, 2024
General

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും


നിലമ്പൂർ: നേരിട്ട് ശമ്പളം മാറാനുള്ള എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കുമെന്ന് സൂചന. ഭരണ, പ്രതിപക്ഷ സർവിസ് സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കാനൊരുങ്ങുന്നത്. 
ദുബൈയിലുള്ള ധനമന്ത്രി കെ.എൻ ബാലഗോപാൽ നാട്ടിലെത്തിയ ശേഷമാവും പിൻവലിക്കുന്ന പ്രഖ്യാപനം നടത്തുക. എയ്ഡഡ് സ്‌കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കിയാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ ഉത്തരവ് ഇറക്കിയത്.

ധനവകുപ്പിന്റെ പുതിയ ഉത്തരവ് ഫലത്തിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാനിടയാക്കും. 
സ്ഥാപന മേധാവികൾ സമർപ്പിക്കുന്ന ബില്ലിൽ മേലധികാരി ഒപ്പിട്ടാലേ ട്രഷറിയിൽനിന്ന് ശമ്പളം മാറാൻ സാധിക്കൂ. പഴയരീതിയിൽ വിദ്യാഭ്യാസ ഓഫിസർമാരുടെ ഡിജിറ്റൽ മേലൊപ്പ് വാങ്ങിയ ശേഷമേ ഒക്ടോബർ മുതൽ ബില്ലുകൾ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു.

നിലവിൽ പ്രിൻസിപ്പൽമാർ നേരിട്ട് ട്രഷറിയിൽ ശമ്പള ബിൽ സമർപ്പിക്കുന്ന രീതിയാണുള്ളത്. പുതിയ ഉത്തവിനെ തുടർന്ന് ശമ്പള ബിൽ വൈകുമെന്ന ആശങ്കയിലായിരുന്നു എയ്ഡഡ് സ്‌കൂൾ, കോളജ് അധ്യാപകരും ജീവനക്കാരും.  
 ഉത്തരവിനെതിരേ സി.പി.എം അനുകൂല അധ്യാപക സംഘടനകളുൾപ്പെടെ രംഗത്തുവന്നു. ഇതോടെയാണ് സർക്കാർ തീരുമാനം മാറ്റുമെന്ന് സംഘടനകൾക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. 


Reporter
the authorReporter

Leave a Reply