General

ആലപ്പുഴയിൽ 2 സ്ഥലത്ത് കവർച്ച നടത്തിയത് ഇന്നലെ പിടിയിലായ സംഘം

Nano News

ആലപ്പുഴ: മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സംഘമെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂ‍ർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ചോദ്യംചെയ്യൽ തുടരുകയാണ്.

ആലപ്പുഴയിലെ കവർച്ചകളുടെ സിസിടിവി ദൃശ്യത്തിലെ സാമ്യം നോക്കിയാണ് സന്തോഷിനെ തേടി പോലീസ് എത്തിയത്. ഇയാൾ കൊച്ചിയിൽ എത്തിയിട്ട് ആറുമാസത്തിലേറെയായതായി പൊലീസ് പറയുന്നു. കുണ്ടന്നൂരിലെത്തിയത് 3 മാസം മുമ്പാണ്. കുണ്ടന്നൂരിലെ ബാറിൽ ഇയാൾ പതിവായി എത്താറുണ്ടെന്നും, കുറുവാ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തമാവൂ എന്നും പൊലീസ് പറഞ്ഞു.

എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടി പോവുകയായിരുന്നു. കുണ്ടന്നൂർ നഗരത്തിൽ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ പ്രദേശങ്ങളിലെ ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്.

അതേ സമയം ഇവർ കുറുവാ സംഘത്തിലുളളതാണോ എന്നതിൽ പൊലീസ് സ്ഥിരീകരണമായിട്ടില്ല. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന നാടോടി സംഘത്തിനൊപ്പം കുറുവാ സംഘത്തിൽ പെട്ടവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply