പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മരക്കാര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ സെറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ യുദ്ധക്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സാബു സിറിലിന്‍റെ നേതൃത്വത്തിലുള്ള ടീം മൂന്ന് കപ്പലുകളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയത്. ഒന്നര ഏക്കറോളം വിസ്തൃതിയിൽ നിർമിച്ച ടാങ്കിൽ വെള്ളം നിറച്ചാണ് സിനിമയിലെ കടലും തിരയും കൊടുങ്കാറ്റുമെല്ലാം ഇവിടെ ഒരുക്കിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അവയുടെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവെച്ച് ആഞ്ഞുവലിച്ചാണ് തിരമാലകൾ സൃഷ്ടിച്ചെടുത്തത്. വെള്ളത്തിൽ ടൺ കണക്കിന് സോപ്പുപൊടിയും മറ്റും കലർത്തിയാണ് തിരമാലയിൽ പത ഉണ്ടാക്കിയത്. കപ്പലിലെ ഷോട്ടുകളും യുദ്ധത്തിന്‍റെ രംഗങ്ങളുമെല്ലാം പൂര്‍ണതയോടെ സ്ക്രീനിലെത്തിയത് നിരവധി ആളുകളുടെ മണിക്കൂറുകള്‍ നീണ്ട കഷ്ടപ്പാടിന്‍റെ ഫലമാണ്.
പതിനാറാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്‍റെ കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ, അറബിക്കടലിന്‍റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.