ദില്ലി:വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി സുപ്രിംകോടതി സ്‌റ്റേചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹർജികളില്‍ നീണ്ട വാദം കേട്ടശേഷം ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ആണ് വിധി പറഞ്ഞത്.
പൂര്‍ണമായും സ്റ്റേ ചെയ്യാതിരുന്ന കോടതി, അപൂര്‍വ സമയങ്ങളില്‍ മാത്രമെ സമ്പൂര്‍ണമായി സ്റ്റേ ഉണ്ടാകൂവെന്ന് പറഞ്ഞു.
വിധിയിലെ പ്രധാന ഭാഗങ്ങള്‍:
* അഞ്ചുവര്‍ഷം വിശ്വാസിയായിരിക്കണം എന്ന വകുപ്പ് സ്റ്റേ ചെയ്തു
* അന്തിമ ഉത്തരവ് വരെ വഖ്ഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരും
* ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിംകള്‍ പാടില്ല
– അമുസ്ലിംകള്‍ക്കും ബോര്‍ഡ് സിഇഒ ആകാം
* വഖ്ഫ് സ്വത്തിന്‍മേലുള്ള കലക്ടറുടെ അധികാരം നീക്കി
മെയ് 22നാണ് ഹർജിയില്‍ വാദം പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയത്.
സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായിരിക്കെ ഹർജികള്‍ പരിഗണിക്കുന്നതിനിടെ, വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
നിയമത്തിലെ മൂന്ന് വ്യവസ്ഥകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും എക്‌സ് ഒഫിഷ്യോ അംഗങ്ങളൊഴികെ അമുസ്ലിംകളെ നിയമിക്കരുത്,
ഉപയോഗത്തിലൂടെ വഖ്ഫ് ആയതടക്കമുള്ള ഏതെങ്കിലും സ്വത്തുക്കള്‍ വഖ്ഫ് അല്ലെന്ന് പ്രഖ്യാപിക്കരുത്,
വഖ്ഫ് സ്വത്തിന്മേലുള്ള അവകാശവാദത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുന്നഘട്ടത്തില്‍ പ്രസ്തുത സ്വത്ത് വഖ്ഫായി കണക്കാക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കരുത് എന്നീ ഉത്തരവുകളാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്.
ഇതിനെ തുടര്‍ന്നാണ് നിയമത്തിന്റെ സാധുതയെ ചൊല്ലി വാദം നടന്നത്.
നേരത്തേ കേസ് പരിഗണിക്കുന്നതിനിടെ കടുത്ത ചോദ്യങ്ങളാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.
വഖ്ഫുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തില്‍ ചെയ്തിരിക്കുന്നതുപോലെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ അഹിന്ദുക്കളെയും ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോയെന്ന് ബഞ്ച് ചോദിക്കുകയുണ്ടായി.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്തയുടെയും മുസ്ലിം ലീഗിന്റെതും ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹർജികള്‍ ആണ് കോടതിയിലുണ്ടായിരുന്നത്.
ഇതില്‍ അഞ്ചു ഹർജിക്കാരുടെ വാദങ്ങളാണ് കോടതി കേട്ടത്.
ബാക്കിയുള്ളതെല്ലാം പ്രത്യേക അപേക്ഷയായിട്ടാണ് കോടതി പരിഗണിച്ചത്.
വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പെരുപ്പിച്ചതാണെന്നും ശരീഅത്തിലെ വഖ്ഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലമെന്നും സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു.
വഖ്ഫ് ഭൂമിയില്‍ 11 വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സമസ്ത അറിയിച്ചു.
സമാന വാദം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം ലീഗും പ്രത്യേകമായി സമര്‍പ്പിച്ച ഹർജികളിലും ഉന്നയിക്കുകയുണ്ടായി.
മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയായിരുന്നു സമസ്തയെ പ്രതിനിധീകരിച്ചിരുന്നത്.