Friday, July 12, 2024
Art & CultureLatest

‘ആധ്യാത്മിക സാഹിത്യ ചരിത്രം’ ഭാഷയുടെ വളർച്ച കാട്ടിത്തരുന്ന ഗ്രന്ഥം;ഡോ.ജോയ് വാഴയിൽ


കോഴിക്കോട്:ആധ്യാത്മിക വീക്ഷണകോണിലൂടെ സാഹിത്യത്തെ നോക്കിക്കണ്ട് ഭാഷയുടെ വളർച്ചയെ അത് എങ്ങിനെയാണ് സ്വാധീനിച്ചതെന്ന ഉൾക്കാഴ്ച തരുന്ന ഗ്രന്ഥമാണ് ‘ആധ്യാത്മിക സാഹിത്യ ചരിത്രം’ എന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ പറഞ്ഞു. കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനൊന്ന് നൂറ്റാണ്ടുകളിലൂടെ
വളർന്ന് വികസിച്ച് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച മലയാള ഭാഷയുടെ തുടക്കകാലം മുതലുള്ള ചരിത്രം പുസ്തകത്തിൽ അവലോകനം ചെയ്യുന്നുണ്ട്. ഇത് നൂതനമായ ഒരു ശ്രമം കൂടിയാണ്. ചന്ദ്രശേഖരൻ നായരുടെ ഈ പരിശ്രമം ഭാഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാണ്. ആധ്യാത്മിക രംഗത്ത് ഊന്നൽ കൊടുത്തുകൊണ്ട് വളർന്നു വന്ന ഭാഷയാണ് മലയാളം. രാമചരിതം, മണിപ്രവാളം, ചമ്പുക്കൾ, ആട്ടക്കഥകൾ, തുള്ളൽ ഇങ്ങനെ പല രൂപ- ഭാവ പരിണാമത്തിലൂടെ മലയാള ഭാഷ കടന്നു പോയപ്പോൾ അതിലെ ആധ്യാത്മിക ധാര എന്താണെന്ന് പുസ്തകം കാട്ടിത്തരുന്നു. ഓരോ കാലഘട്ടത്തിലെയും കൃതികൾ, അതിൻ്റെ കർത്താക്കൾ അവരെക്കുറിച്ചുള്ള ആധികാരികമായ അറിവുകൾ എന്നിവയെല്ലാം പുസ്തകത്തിലുണ്ട് – അദ്ദേഹം പറഞ്ഞു.

സ്വയം പ്രഭാവിഗ്രഹം എന്നു പറയുന്നതുപോലെ ‘ആധ്യാത്മിക സാഹിത്യ ചരിത്രം’ ഒരു സ്വയം പ്രഭാ ഗ്രന്ഥമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.കെ.മുരളീധരൻ പറഞ്ഞു. ഓരോ കാലഘട്ടത്തിലും സാഹിത്യത്തിൽ ഉരുത്തിരിഞ്ഞു വന്ന ആധ്യാത്മിക ചിന്താഗതികളുടെ അവലോകനം ഈ പുസ്തകത്തിലുണ്ട്. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പ്രതിഭകളെ ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇത്ര വലിയ പുസ്തകം കൈയിലെടുക്കുമ്പോൾ ഇത് എങ്ങിനെയാണ് വായിച്ചു തീർക്കുക എന്ന സംശയം നമുക്കുണ്ടാകും. പക്ഷെ ഓരോ അധ്യായം കഴിയുമ്പോഴും അടുത്ത അധ്യായത്തിലേക്ക് നമ്മൾ അറിയാതെ കടന്നു പോകും. ഈ സ്വയം പ്രഭാ ഗ്രന്ഥത്തിൻ്റെ പ്രഭാവലയത്തിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മീയ അനുഭൂതി നമുക്ക് ഉണ്ടാകും. മതപരമായ ചട്ടക്കൂടുകളിൽ നിന്ന് പുറത്തേക്ക് നീളുന്ന ആധ്യാത്മിക വരികളും നമുക്ക് പുസ്തകത്തിൽ കാണാം – ഡോ.മുരളീധരൻ പറഞ്ഞു.

എഴുത്തിൻ്റെ എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച സാഹിത്യകാരനാണ് ഡോ.സി.കെ.ചന്ദ്രശേഖരൻ നായരെന്ന് കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം തലവനും പ്രൊഫസറുമായ ഡോ.ആർ.വി.എം.ദിവാകരൻ പറഞ്ഞു. ഭാഷാ സാഹിത്യ രംഗത്ത് ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെതായിട്ടുണ്ട്. കഴക്കൂട്ടം സൈനിക്‌ സ്ക്കൂൾ മലയാളം അധ്യാപകനായും ഇടുക്കി നവോദയ വിദ്യാലയ സ്ഥാപക പ്രിൻസിപ്പലായും അദ്ദേഹം നാലര പതിറ്റാണ്ട് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും പ്രവർത്തിക്കുന്ന നൂറു കണക്കിന് ഉന്നത സൈനിക ഉദ്യോഗസ്ഥരായ ശിഷ്യന്മാർ ചന്ദ്രശേഖരൻ നായർക്കുണ്ട്. ആ ബഹുമുഖ പ്രതിഭ മലയാളത്തിന് നൽകിയ സാഹിത്യ സംഭാവനകൾ വിലപ്പെട്ടതാണെന്നും ഡോ.ആർ.വി.എം ദിവാകരൻ പറഞ്ഞു.

ചന്ദ്രശേഖരൻ നായരുടെ മകൾ പി.സി.രശ്മിയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മാതൃഭൂമി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവി വി.മധുസൂദനൻ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply