ExclusiveGeneralLatest

ഒരു മണിക്കൂറിൽ 910 കൈകളിൽ മെഹന്തിയിട്ട് ആദിത്യ ഗിന്നസ്സിലേക്ക്


സുധീഷ് കുമാർ കുറിയേടത്ത്
കോഴിക്കോട്:തബലവാദനത്തിൽ ഗിന്നസ്സ് ജേതാവ് സുധീർ കടലുണ്ടിക്ക് പിറകേ കടലുണ്ടിയിൽ നിന്നും ആദിത്യയിൽ നിന്നും ഒരു ഗിന്നസ്സ് റിക്കോഡു കൂടി പിറന്നു.അറുപതു മിനുട്ടിൽ 910 കൈകളിലാണ് ആദിത്യ മെഹന്തിയിട്ടത്.നിലവിലെ
റിക്കോഡായ 600 എണ്ണമാണ് ആദിത്യ മറികടന്നത്.
കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ സി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ആദിത്യയുടെ മെഹന്തിയിടൽ മത്സരം വൻ വിജയമാണ് .
നിലവിലെ റെക്കോഡായ 600 കൈകളിലെ മെഹന്തിയിടൽ  കേവലം 40 മിനുട്ട് കൊണ്ട് ആദിത്യ മറികടന്നു. മത്സരം കാണുന്നതിനും മത്സരത്തിൽ പങ്കെടുക്കുന്നതിനുമായി സി.എം ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും നാട്ടുകാരും എത്തിയിരുന്നു.രാവിലെ 9 മണിക്ക് ഫറോക്ക് പോലീസ് എസ്.എച്ച്.ഒ        ജി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ,വാർഡ് മെമ്പറും സംഘാടക സമിതി ചെയർപേഴ്സണുമായ റിജി പിലാക്കാട്ട്,കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ ശിവദാസൻ എന്നിവർ സന്നിഹിതരായി.കല്ലമ്പാറ ഷിഫ ഹോസ്പിറ്റൽ എം.ഡി മുഹമ്മദ് ഹനീഫ ആദിത്യയുടെ ആരോഗ്യ നില പരിശോധിച്ച് ഉറപ്പ് വരുത്തി.
കൃത്യം പത്ത് മണിക്ക് സ്റ്റേറ്റ് റഫറി മനോജ് സ്റ്റാർട്ട് പറഞ്ഞതോടെ മത്സരം ആരംഭിച്ചു.കണ്ണൂരിൽ നിന്നുള്ള ഫാത്തിമ പി.വി,ജോബിൻ വർഗ്ഗീസ് എന്നിവരായിരുന്നു നിരീക്ഷകർ. മത്സരം ആരംഭിച്ച് ആദ്യ പത്ത് മിനുട്ടിൽ 120 കൈകളിലും ഇരുപതാം മിനുട്ടിൽ 264 കൈകളും പിന്നിട്ട ആദിത്യ നാൽപ്പതാം മിനുട്ടിൽ 650 കൈകളിൽ മെഹന്തിയിട്ട് നിലവിലെ റെക്കോഡ് മറികടന്നു.അറുപതാം മിനുട്ടിൽ 910 കൈകളിൽ മെഹന്തിയിട്ട് വിജയിയായി.
സമാപന സമ്മേളനം കടലുണ്ടി ഔട്ട് പോസ്റ്റ് എസ് ഐ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.മത്സരം കഴിഞ്ഞതോടെ ആദിത്യയോടൊപ്പം സെൽഫിയെടുക്കുന്നതിനും ആശംസ അറിയിക്കുന്നതിനുമായി നിരവധി പേർ സ്ഥലത്തെത്തിയിരുന്നു. ഇനി ഗിന്നസ് അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ആദിത്യയും നാട്ടുകാരും കമ്മറ്റി ഭാരവാഹികളും.

Reporter
the authorReporter

Leave a Reply