കോഴിക്കോട്: നാല്മാസം മാത്രം ആയുസ്സ് വിധിയെഴുതിയ ഡോക്ടർമാരെയും കുടുംബക്കാരെയും കൂട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് കാൻസർ എന്ന മഹാരോഗത്തിൽ നിന്നും ജീവിതത്തിലേക്ക് കരകയറി തന്റെ രോഗാവസ്ഥയിലെ കുറിപ്പുകൾ പുസ്തകമാക്കാൻ ഒരുങ്ങുകയാണ് കൊടിയത്തൂരിലെ നീന മുനീർ എന്ന യുവ ഡോക്ടർ.മകളുടെ ശരീരത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട മുടി മുറിച്ചു മാറ്റേണ്ടി വന്നപ്പോൾ അവൾക്ക് ആത്മധൈര്യം നൽകുന്നതിന് വേണ്ടി ആദ്യം സ്വന്തം തല മുണ്ഡനം ചെയ്ത ഉമ്മയുടെയും കഥ കൂടിയാണ് “കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ” എന്ന പുസ്തകം.
എല്ലാവരെയും പോലെ പഠനം കഴിഞ്ഞ് എറണാംകുളത്ത് സ്വന്തം ക്ലിനിക് തുടങ്ങി ആഘോഷമായി ജീവിക്കുന്നതിനിയിലാണ് വളരെ യാദൃശ്ചികമായി താന്‍ കാന്‍സര്‍ രോഗിയാണ് എന്നുള്ള സത്യം നീന അറിയുന്നത്.അന്നുമുതൽ മുതല്‍ ക്യാൻസറിനോട് പൊരുതിയ പോരാട്ടത്തിന്റെ രേഖകളാണ് ”കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ ”എന്ന പേരിൽ പുസ്‌തമാക്കുന്നത്.
കാൻസർ എന്ന രോഗം തന്നെ കീഴ്പ്പെടുത്തന്നതു വരെ നീന മുനീർ എഴുത്തിന്റെ ഒരു ഭാഗം പോലും ആയിരുന്നില്ല. എല്ലാവരേയും പോലെ ജോലി,സെൽഫി,സോഷ്യൽമീഡിയ അങ്ങനെ ഒരു ജീവിതമായിരുന്നു.രോഗ കിടക്കയതിൽ വിശ്രമത്തിൽ ആയപ്പോൾ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ വേണ്ടി കുറിച്ച് വെച്ച കുറിപ്പുകളിലൂടെയാണ് എഴുത് ആരംഭിച്ചത്.
ക്ഷമയും സ്‌നേഹവുമാണ് ജീവിതത്തിലെ പ്രധാനപ്പെട്ട സമ്പത്ത് എന്ന് ഈ അവസ്ഥ പഠിപ്പിച്ചു.താൻ ഏറെ ഇഷ്ടപ്പെട്ട മുടി മുറിച്ച്കളയേണ്ടി വന്നപ്പോൾ ഉമ്മ നൽകിയ പിൻതുണയും തനിക്ക് മുന്നോട്ട് ജീവിക്കാനുള്ള ഊർജം നൽകിയെന്നും നീന പറയുന്നു.
ഏറിയാൽ 4 മാസം മാത്രമേ മകളുടെ ആയുസ് ഉളളൂ എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് തകര്‍ന്നു.മകൾക്ക് ഏറെ ഇഷ്ടമായ മുടി മുറിക്കേണ്ടിവന്നപ്പോൾ അവൾക്ക് ഒരു കൂട്ടായി ഒരമ്മയെന്ന നിലയിൽ മകളുടെ മനസ്സിന് ധൈര്യം നൽകാനാണു താനും അന്ന് മുടി പൂർണ്ണമായും എടുത്തതെന്ന് നീനയുടെ ഉമ്മയും റിട്ട:അദ്ധ്യാപികയുമായ സോഫിയ ടീച്ചർ പറയുന്നു.
ചികിത്സയുടെ വേദനകളും മരുന്നുകളുടെ ബുദ്ധിമുട്ടുകളും മാത്രമല്ല, ഒരു രോഗിയുടെ ഉള്ളിലെ ഭയവും,അതിനുശേഷം വളര്‍ന്നു വരുന്ന പ്രത്യാശയുമാണ് നീന മുനീർ എഴുതിയ ”കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ ” എന്ന പുസ്തകത്തിന്റെ ഓരോ താളുകളിലും കാണുന്നത്.
പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ എം എൻ കാരശ്ശേരി,ആസാദ് മൂപ്പൻ തുടങ്ങിയവരാണ് നീനയുടെ പുസ്തകത്തിന് അവതാരിക എഴുതിയത്. ഒക്ടോബർ അവസാനവാരം പുസ്തകം പ്രകാശനം നടക്കും.
കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ജീവിതത്തെ കൂടുതല്‍ വിലപ്പെട്ടതാക്കി മാറ്റുന്ന ഒരു യാത്രയുടെ തുടക്കം കൂടിയാണ് എന്ന സന്ദേശവും ഈ പുസ്തകം നൽകുന്നുണ്ട്.കാൻസർ എന്ന രോഗത്തിൽ നിന്നും മുക്തി നേടിയ ഡോ:നീന മുനീർ ഇപ്പോൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ക്ലിനിക്കൽ ഓഡിറ്റർ ആയി
ജോലി ചെയ്യുകയാണ്.
പുസ്തകത്തിൻ്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭത്തിന് പിൻതുണയേകാൻ ആയിരത്തിലധികം പേർ അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. ഇതു വഴിയും പുസ്തകത്തിൻ്റെ ബുക്കിങ്ങ് നടക്കുന്നുണ്ട്.