സൂറത്തില്‍ ആറു നില കെട്ടിടം തകര്‍ന്ന് ഏഴു മരണം. ശനിയാഴ്ചയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇന്നലെ രാത്രിമുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സൂറത്തിലെ ചീഫ് ഫയര്‍ ഓഫീസര്‍ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. രാത്രി മുഴുവന്‍ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഇനിയും ആറോളം ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സൂറത്ത് പൊലിസ് കമീഷണര്‍ അനുപം സിങ് ഗെഹ്ലോട്ടും കെട്ടിടം തകര്‍ന്ന സ്ഥലത്തെത്തി.
2016-17 വര്‍ഷത്തില്‍ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. സമീപത്തെ ഫാക്ടറികളിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.