മലപ്പുറം: മലപ്പുറത്ത് തിരുവാലിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റത്. ഷാനിദിന്റെ പല്ലുകള്‍ തകര്‍ന്നു. മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിലും പുറത്തും അടിച്ചെന്നും ഷാനിദ് പറഞ്ഞു.
സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് പരിക്കേറ്റത്. ആക്രമണത്തില്‍ ഷാനിദിന്റെ മുന്‍വശത്തെ പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. താക്കോലുകൊണ്ടുള്ള കുത്തേറ്റ് കവിളില്‍ ദ്വാരം വീണിരുന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് തുന്നലുകളുമുണ്ട്. ഷാനിദിന്റെ ശരീരത്തിലുടനീളവും പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷാനിദ്. ഷാനിദിന്റെ രക്ഷിതാക്കള്‍ എടവണ്ണ പൊലിസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.