ആലപ്പുഴ: മാന്നാര്‍ കേസിൽ നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി.
കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിൻ്റെ ആവശ്യം. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് താൻ മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനിൽകുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസിൽ പരാതിക്കാരനും സുരേഷാണ്.
അതേസമയം അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരിച്ച് കൊണ്ട് വരും എന്നാണ് വിശ്വാസം. ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്നും കലയുടെ മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.
മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.