Wednesday, December 4, 2024
General

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍


കൊല്ലം: ഉള്‍പ്പാര്‍ട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ കരുനാഗപ്പള്ളിയില്‍ സി.പി.എം നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. അഡ്‌ഹോക് കമ്മിറ്റിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാവുക.

സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ യോഗങ്ങളിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി.

നിലവിലെ ഏരിയാ കമ്മിറ്റി അംഗങ്ങളെ നാല് മണിക്ക് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് വിവരം.

കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് തെരുവിലെത്തിയത്. സമ്മേളനത്തില്‍ പുതിയതായി അവതരിപ്പിച്ച പാനലിനെതിരെയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ‘സേവ് സി.പി.എം’ എന്ന പേരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു.


Reporter
the authorReporter

Leave a Reply