ശബരിമല:.മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു . ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു.
ശബരിമലയിലെ പുതിയ പുറപ്പെടാ മേൽശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടർന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി മേൽശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കർണങ്ങളിലേക്ക് തന്ത്രി പകർന്നു നൽകി. തുടർന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി അവരോധിച്ചു.
പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നിന് തിങ്കളാഴ്ച നട തുറക്കുക.
ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉച്ചയോടെ അയ്യപ്പന്മാരെ പമ്പിൽ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിട്ടു.
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക. 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം ലഭിക്കും.
നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. 2025 ജനുവരി 14ന് ആണ് മകരവിളക്ക്.










