Monday, May 20, 2024
General

20 രൂപ കുറഞ്ഞു; ബി.പി.സി.എല്‍ ഡ്രൈവറെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്


ബി.പി.സി.എല്‍ പാചകവാതക പ്ലാന്റിലെ കരാര്‍ ഡ്രൈവര്‍ക്ക് സി.ഐ.ടി.യു കയറ്റിറക്ക് തൊഴിലാളികളുടെ ക്രൂരമര്‍ദ്ദനം. ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ തുടര്‍ന്നാണ് ബി.പി.സി.എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ് കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ച് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് അമ്പലമുകളിലെ ബി.പി.സി.എല്‍ യൂണിറ്റില്‍ നിന്ന് പാചകവാതക സിലിണ്ടറുമായി കാലടി സ്വദേശി ശ്രീകുമാര്‍ കൊടകര ശ്രീമോന്‍ ഏജന്‍സിയിലെത്തിയത്. ലോഡിറക്കാന്‍ കരാര്‍ പ്രകാരമുള്ള തുകയേക്കാള്‍ 20 രൂപ കൂടുതല്‍ ആവശ്യപ്പെട്ടാണ് വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് രണ്ട് കയറ്റിറക്ക് തൊഴിലാളികള്‍ ചേര്‍ന്ന് ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നു. ഡ്രൈവറുടെ കഴുത്തില്‍ പിടിച്ചുകൊണ്ട് മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മര്‍ദിക്കുന്നത് തടയാന്‍ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടിയേറ്റ ശ്രീകുമാര്‍ താഴെ വീഴുകയായിരുന്നു. മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീകുമാര്‍ താഴെ വീണശേഷവും മര്‍ദിക്കാന്‍ ഒരുങ്ങിയെങ്കിലും സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരന്‍ സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ പിടിച്ചുമാറ്റുകയായിരുന്നു.

ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി മടക്കി അയച്ചെങ്കിലും രാത്രിയോടെ കൂടുതല്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡ്രൈവര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കിലാണ്. ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply