കോഴിക്കോട്:പാട്ടിന്റെ താളവും ചെണ്ടമേളത്തിന്റെ അകമ്പടിയും കോൽക്കളി ഇശലിന്റെ ചടുലതയും മുഴങ്ങുന്ന ആഘോഷരാവായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ടാഗോർ സെന്റിനറി ഹാളിൽ വർണ്ണാഭമായി നടന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ രണ്ടു തവണ എ ഗ്രേഡ് നേടിയ ചേമഞ്ചേരി പൂക്കാട് സ്വദേശി വി കെ ആദർശിന്റെ നേതൃത്വത്തിൽ ചെണ്ടമേളം മേളകൊഴുപ്പേകി തകർത്തു.
ലതാ മങ്കേഷ്ക്കറിന്റെ ഗാനങ്ങൾ കോർത്തിണക്കി ശശി പൂക്കാടും സംഘവും അവതരിപ്പിച്ച ലതാ ജി കീ
ആവാസ്-ജുഗൽ ബന്ദിയും ഗസൽരാവും ആഘോഷരാവിന് മിഴിവേകി ‘കഭീ കഭീ മേരെ ദിൽ മെ, ലഗ് ജാഗലെ, ബജ്‌പൻ കാ മൊഹബത്’ തുടങ്ങിയ ഗാനങ്ങൾ വശ്യതയുടെ മനോഹാരിത തീർത്തു. സുസ്മിത ഗിരീഷ്, എ ഡി ഇന്ദുലേഖ, സി ആർ ദേവനന്ദ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യിലെടുക്കുന്നതായിരുന്നു ‘അവാർഡ്’ നാടകം. തുപ്പേട്ടന്റെ രചനയിൽ ഛന്ദസ് സംവിധാനവും രൂപകല്പനയും നിർവഹിച്ച് എടക്കാട് നാടക കൂട്ടായ്മയാണ് നാടകം അവതരിപ്പിച്ചത്. മൂന്ന് കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന ഏകാങ്ക നാടകം പേരിനും പ്രശസ്തിക്കും വേണ്ടി ഓടുന്ന ഒരു വിഭാഗം ആളുകളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നതായിരുന്നു. ടി.സുരേഷ് ബാബു, കെ പുരോഷത്തമൻ, രാഹുൽ ശ്രീനിവാസൻ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കാലിക്കറ്റ് കലാലയയിലെ ഇസൽ മലബാർ കോൽക്കളി സംഘം നാസർ കുരിക്കൾ, ലത്തീഫ് കുരിക്കൾ എന്നിവരുടെ നേതൃത്വത്തിൽ കോൽക്കളി അരങ്ങേറി.
കേരള സാംസ്ക്കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവ് അനീഷ് മണ്ണാർക്കാടും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി.
നാടന്‍ വാദ്യങ്ങളുടെ അകമ്പടിയില്‍ കലാകാരന്‍മാര്‍ ആടിപ്പാടിയപ്പോള്‍ കാണികളും ആവേശത്തിലായി. ആസ്വാദനത്തിന്റെ പുതിയൊരു അനുഭവം കൈമാറിയാണ് നാടൻ പാട്ടുകള്‍ അവസാനിച്ചത്.
പരിപാടിയോടനുബന്ധിച് വികസന ഫോട്ടോ-വീഡിയോ പ്രദർശനവും നടന്നു.