ബംഗളൂരു നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയും നിയോഗിക്കും. വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്.
ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികള്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ദൈനംദിന ജല ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാരെ നോട്ടീസ് നല്‍കി അറിയിച്ചിരുന്നതാണ്. എന്നിട്ടും ജലം പാഴാക്കിയതിനാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
ജല ഉപഭോഗം 20 ശതമാനം കുറച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വിതരണം പഴയപടിയായാല്‍ ഉപഭോഗം വര്‍ധിപ്പിക്കും.
അതേസമയം കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് ബംഗളൂരുവിൽ നിലവിൽ ഉള്ളതെന്ന് കർണാടക സർക്കാർ അറിയിച്ചു.കർണാടകയിലെ 233 താലൂക്കുകളും വരൾച്ചയുടെ പ്രതിസന്ധിയിൽ ആണെന്ന് കർണാടക സർക്കാർ. അതിൽ തന്നെ 193 താലൂക്കുകളിൽ പ്രതിസന്ധി രൂക്ഷമാണ്. ബെംഗളൂരുവിൽ മിക്കവരും വെള്ളത്തിനായി ആശ്രയിക്കുന്നത് കുഴൽ കിണറുകൾ ആണ്. ബെംഗളൂരു നഗരത്തിൽ മാത്രം 13,990 കുഴൽ കിണറുകൾ ഉണ്ട്.അതിൽ 6,900 കിണറുകളും പ്രവർത്തനരഹിതമാണ്.15 വർഷമായി കുഴൽക്കിണറിലെ വെള്ളം ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നവർ പോലും ഇപ്പോൾ വെള്ളമില്ലാതെ വലയുന്നു. വീടുകളിൽ മാത്രമല്ല ഓഫീസുകളിലും സ്കൂളിലും ആശുപത്രികളിലും ഒന്നും വെള്ളം ഇല്ലാത്ത അവസ്ഥ.
ഉയർന്ന വീട്ടുവാടക നൽകി പ്രീമിയം അപ്പാർട്ട്മെൻറുകളിൽ താമസിക്കുന്നവർ പോലും പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാത്തതിനാൽ പൊറുതിമുട്ടിയിരിക്കുന്ന പോസ്റ്റുകൾ എക്സിൽ ഉൾപ്പെടെ ഷെയർ ചെയ്യുന്നു. ഗാർഹിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ദുരിതത്തിൽആണ് ബെംഗളൂരു നഗരത്തിലെ ജനങ്ങൾ. ടെക്കികളിൽ പലരും വർക്ക് ഫ്രം ഹോം ചോദിച്ച് നാട്ടിലേക്ക് മടങ്ങുന്നു.