കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി റഫി ഫൗണ്ടേഷൻ മെഗാ സംഗീത സായാഹ്നം – റഫിനൈറ്റ് മെഗാ മ്യൂസിക്കൽ ഷോ ഒരുങ്ങുന്നു. ഡിസംബർ 24 ന് വൈകുന്നേരം 6 മണിക്ക് കാലിക്കറ്റ് ബീച്ച് ഫ്രീഡം സ്ക്വയർ വേദിയിലാണ് സംഗീത നിശ . നടക്കാവ് ചക്കോരത്ത്കുളം റോട്ടറി യൂത്ത് സെന്റർ ഹാളിൽ നടന്ന പ്രോഗ്രാം ബ്രോഷർ പ്രകാശന ചടങ്ങ് മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ – എ കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഷോയുടെ ബ്രോഷർ റഫി ഫൗണ്ടേഷൻ മുൻ പ്രസിഡന്റ് ഡോ. മെഹ്റൂഫ് രാജ് , പ്രസിഡന്റ് മെഹ്റൂഫ് മണലൊടിയ്ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ മുഹമ്മദ് റഫി മ്യുസിയം കമ്മിറ്റി ചെയർമാൻ – കെ വി സക്കീർ ഹുസൈൻ , റഫി ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്മാരായ – എൻ സി അബ്ദുല്ലക്കോയ , നയൻ ജെ ഷാ, ജോയിന്റ് സെക്രട്ടറിമാരായ – ജൂനിയർ റാഫി , ശാന്തകുമാർ , മുൻ പ്രസിഡന്റ് ഹാഷിർ അലി, കെ സലാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി – മുർഷിദ് അഹമ്മദ് സ്വാഗതവും ട്രഷറർ – കെ മുരളീധരൻ ലുമിനസ് നന്ദിയും പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യ ഭരണ കാലത്ത് പഞ്ചാബിൽ 1924 ഡിസംബർ 24 ന് ജനിച്ച മുഹമ്മദ് റഫി ആയിരത്തോളം സിനിമകളിൽ ഏഴായിരത്തോളം ഗാനങ്ങൾ ആലപിച്ചു. 1967 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 6 തവണ പിന്നണി ഗായകനുള്ള ഫിലിം ഫെയർ അവാർഡ്, ഒരു തവണ നാഷണൽ ഫിലിം അവാർഡും ലഭിച്ചു. 1980 ജൂലായ് 31 ന് 56 ആം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു. ഒട്ടെറെ ഹിറ്റ് ഗാനങ്ങളാൽ നിത്യ ഹരിത ഗായകനായ മുഹമ്മദ് റഫിയ്ക്ക് കേരളത്തിൽ ഏറെ ആരാധകരുള്ള നാടാണ് കോഴിക്കോട് . റഫിയുടെ പേരിൽ കോർപ്പറേഷൻ പരിധിയിൽ റോഡും റഫി ഫൗണ്ടേഷൻ രൂപീകൃതമായതും ഈ ആരാധകവൃന്ദം കൊണ്ട് മാത്രം. കോഴിക്കോട്ടെ സംഗീതാസ്വദകർക്കായി റഫി ഫൗണ്ടേഷൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് മെഹ്റൂഫ് മണലൊടി പറഞ്ഞു.