മലപ്പുറം:കുഴിമണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 ൽ നടന്ന ഹയർ സെക്കണ്ടറി ചോദ്യ പേപ്പർ മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെ മൂന്നു വർഷമായും പിടികൂടാതെ നഷ്ടപരിഹാരമായി 38 ലക്ഷം രൂപ പരീക്ഷ നടത്തിയ അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും ഈടാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിപ്പാർട്ട് മെന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി .
കുറ്റകൃത്യം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നഷ്ടപരിഹാരം ഈടാക്കാൻ ശ്രമിക്കാതെ ജീവനക്കാരെ ബലിയാടാക്കുന്ന നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. മറ്റു വകുപ്പുകളിൽ ഗുരുതരമായ കൃത്യ വിലോപത്തിനും സാമ്പത്തിക തിരിമറികൾക്കുമുള്ള ശിക്ഷ കേവലം വേലവിലക്കിൽ ഒതുക്കുമ്പോൾ പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ക്ലാസ് ഫോർ ജീവനക്കാരിൽ നിന്നു പോലും പത്തു ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ഈടാക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് എച്ച് എസ് എസ് ടി എ നേതാക്കൾ പറഞ്ഞു . ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പരീക്ഷാ വിഭാഗം പിന്തുടരുന്ന അധ്യാപക വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് റോയിച്ചൻ ഡൊമനിക് ഉദ്ഘാടനം ചെയ്തു. ഉമ്മർ കെ ടി അധ്യക്ഷത വഹിച്ചു . നേതാക്കളായ ഡോ. വി. അബ്ദുസമദ്, ടി എസ് ഡാനിഷ് , കെ സനോജ് , ടി കെ അബ്ദുൾ കരീം , രാജേഷ് എ, കെ ജിതേഷ് , എൻ അബ്ദുൾ ഷരീഫ്, പി ജി ഷീജ , ബേബി മുഹീറ , സജീഷ് കെ സി , രാജേഷ് ടി, മുഹമ്മദ് റസാക്ക് എന്നിവർ സംസാരിച്ചു.