കോഴിക്കോട് : ഈ വർഷത്തെ പിവികെ നെടുങ്ങാടി സ്മാരക യുവ മാധ്യമ അവാർഡിന് മലയാള മനോരമ കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ വി. മിത്രൻ അർഹനായി. സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയെ അടിസ്ഥാനമാക്കി മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘വല കെട്ടിയ രാക്ഷസ ലഹരി’ എന്ന വാർത്താ പരമ്പരയ്ക്കാണ് അവാർഡ് ലഭിച്ചത്. പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന് (11111) രൂപയും ഫലകവും അടങ്ങുന്നതാണ് അവർഡ്. വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേവർഷി നാരദ ജയന്തിയോടനുബന്ധിച്ച് എല്ലാവർഷവും യുവമാധ്യമ പ്രവർത്തകർക്കായി നൽകി വരുന്ന പുരസ്കാരമാണ് ഇത്. മാതൃഭൂമി മുൻ സ്പെഷ്യൽ ഡസ്ക് ന്യൂസ് എഡിറ്റർ എം.സുധീന്ദ്ര കുമാർ, മലയാളം ന്യൂസ് കേരള ബ്യൂറോ ചീഫ് സി ഒ ടി അസീസ്, മഹാത്‌മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ് കോം) ഡയറക്ടർ എ.കെ അനുരാജ്, ഏഷ്യാനെറ്റ് ന്യൂസ് മുൻ ന്യൂസ് എഡിറ്ററും ജനം ചാനൽ മുൻ റീജ്യണൽ ചീഫുമായ ഹരീഷ് കടയപ്രത്ത് എന്നിവർ അടങ്ങിയ ജഡ്ജിങ്ങ് പാനൽ ആണ് അവാർഡ് ജേതാവിനെ തിരഞ്ഞടുത്തത്. 17 ന് ബുധനാഴ്ച (നാളെ) രാവിലെ 10.30 ന് കേസരി ഭവനിൽ വച്ച് നടക്കുന്ന പി വി കെ നെടുങ്ങാടി അനുസ്മരണ സമ്മേളനത്തിൽ മധ്യപ്രദേശിലെ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വൈസ് ചാൻസിലർ ഡോ.കെ.ജി സുരേഷ് അവാർഡ് ദാനം നിർവ്വഹിക്കും. നോവലിസ്റ്റ് യു.കെ.കുമാരൻ മുഖ്യാതിഥിയായിരിക്കും.ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകരേയും മറ്റ് അവാർഡുകൾ ലഭിച്ച മാധ്യമ പ്രവർത്തകരേയും ആദരിക്കും.