കോഴിക്കോട്: ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റ് പണി തുടങ്ങാനുള്ള നീക്കത്തിന് എതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍. റോഡ് ഉപരോധിച്ചവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയവര്‍ സ്റ്റേഷനുള്ളിലും പ്രതിഷേധിക്കുകയാണ്. പൊലീസ് തങ്ങളെ ആക്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മലിനജല പ്ലാന്‍റ് പണി തുടങ്ങാന്‍ നീക്കം തുടങ്ങിയതോടെ നാട്ടുകാര്‍ രാവിലെ പ്രതിഷേധിച്ച് സംഘടിക്കുകയായിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്ഥലത്ത് വന്‍ പൊലീസെത്തി. മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാർച്ചും നടത്തി. മലിനജല പ്ലാന്‍റ് നിർമാണത്തിനെതിരായി നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്‍റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ലാകളക്ടറും.