പനമ്പിള്ളി നഗറില്‍ നടുറോഡിലെ നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് പ്രധാന കാരണം. കീഴ്താടിയും പൊട്ടിയിട്ടുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ആണ്‍ സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പ്രസവിച്ച ഇവര്‍ കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. മാതാപിതാക്കള്‍ക്ക് യുവതി ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു. യുവതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. ഫ്ളാറ്റിലെ ശുചിമുറിയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നോ എന്നും സംശയമുണ്ട്. കവറിലാക്കിയാണ് സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞത്.
എന്നാല്‍ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. കേസില്‍ കൊറിയര്‍ കവറിലെ മേല്‍വിലാസമാണ് പ്രതികളിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇതില്‍ ഫ്ളാറ്റിലെ മേല്‍വിലാസം കൃത്യമായി ഉണ്ടായത് പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു.