കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ, സംസ്ഥാന താരങ്ങൾ പ്രതിഷേധ വടംവലി നടത്തി. കോൺഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവിധ കായിക ഇനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയതിനാൽ യോഗ്യതയുള്ള കായിക താരങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് ആനുപാതികമായി സീറ്റ് വർദ്ധിച്ചിട്ടില്ല. നിലവിൽ ഓപ്പൺ മെററ്റിന്റെ 5% മാത്രമാണ് സ്പോർട്സ് ക്വോട്ടയിൽ സംവരണം ചെയ്തിട്ടുള്ളത്. ഇത് ഗവൺമെന്റ് സ്കൂളുകളിൽ ഒരു ബാച്ചിൽ രണ്ട് സീറ്റ് ആണെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ ഒരു സീറ്റ് മാത്രമായി ഒതുങ്ങും. സംസ്ഥാനത്തെ പ്ലസ് വൺ സ്പോർട്സ് ക്വോട്ട സീറ്റുകളുടെ ഇരട്ടിയാണ് ഇത്തവണ അപേക്ഷയുടെ എണ്ണം. അതുകൊണ്ട് നിലവിലെ അഞ്ചു ശതമാനം നിന്നും 10% ത്തിലേക്ക് വർധിപ്പിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. കഴിഞ്ഞവർഷം നൽകിക്കൊണ്ടിരുന്ന ഓപ്പൺ മെറിറ്റിക്കിലേക്കുള്ള സ്പോർട്സ് ബോണസ് മാർക്ക് ഗ്രേസ് മാർക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾക്ക് ലഭിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കുകയും കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് വെട്ടിക്കുറച്ചതും കായിക താരങ്ങൾക്ക് വളരെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
കായിക താരങ്ങളുടെ അവകാശങ്ങൾ ഓരോന്നും സർക്കാർ ഘട്ടംഘട്ടമായി ചിലരുടെ താൽപാര്യങ്ങൾക്ക് വേണ്ടി എടുത്തു കളയുകയാണെന്നും ഇത് കായിക കേരളത്തെ ഇല്ലാതാക്കുമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പിഎം നിയാസ് കുറ്റപ്പെടുത്തി.
കെ.പി.സി.സി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. ടി നിഹാൽ, ഒ.കെ മുഹമ്മദ് റാഫി , ജിനീഷ്ലാൽ മുല്ലശ്ശേരി, എം.മുഹമ്മദ് ആഷിഖ് , കെ.പി മുഹമ്മദ് ഫാരിസ്, വിപുൽ .വി .ഗോപാൽ, മുഹമ്മദ് അഫ്സൽ, സുഹൈൽ കൊടുവള്ളി എന്നിവർ സംസാരിച്ചു.