ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ്.ഐ ബിന്ദുലാലിനും സസ്‌പെൻഷൻ. മലപ്പുറം എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തര മേഖല ഐ ജി കെ സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ എസ്.ഐയെയും ഇടനിലക്കാരനായ മറ്റൊരാളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്‌പെക്ടർ സുനിൽദാസ് ഒളിവിലാണ്.
ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വളാഞ്ചേരിയിലെ ക്വാറി ഉടമയിൽ നിന്നും എസ്.ഐയും ഇൻസ്പെക്ടറും ചേർന്ന് ഇടനിലക്കാരൻ അസൈനാർ മുഖേന 22 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ നാല് ലക്ഷം രൂപ ഇടനിലക്കാരനും ബാക്കി 18 ലക്ഷം പൊലിസുകാരും പങ്കിട്ടെടുത്തു. സംഭവത്തിൽ എസ്.ഐ ബിന്ദുലാലിനേയും ഇടനിലക്കാരൻ അസൈനാരേയും ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും തിരൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ജെ ശ്രീജ റിമാൻഡ് ചെയ്തു.
ഒളിവിൽ പോയ സുനിൽദാസിനെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലിസുകാർ പണം തട്ടിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120 ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.