മലയാളത്തിലെ മഹാനടന്മാരെ മുഖ്യ കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവരും. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. പാട്രിയേറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. എന്നാല്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ട ടീസർ അന്നൗണ്‍സ്മെന്റ് പോസ്റ്റിറില്‍ #MMMN എന്ന വർക്കിങ് ടൈറ്റില്‍ മാത്രമാണ് ചേർത്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാൽ, മഹേഷ് നാരായണൻ, നയൻതാര എന്നാണ് ഈ ടൈറ്റിൽ അർഥമാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. അസുഖം ബാധിച്ച് 7 മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം മെഗാസ്റ്റാർ ക്യാമറക്ക് മുന്നിൽ തിരിച്ചെത്തിയതിന്‍റെ ആവേശത്തിനൊപ്പം ടീസർ കൂടിയെത്തുന്നത് ആരാധകർ ആഘോഷമാക്കുമെന്നുറപ്പാണ്.