മണ്ണാര്‍ക്കാട് (പാലക്കാട്): കല്ലടിക്കോട് പനയംപാടത്ത് പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കുമേല്‍ ലോറി മറിഞ്ഞ് നാലുപേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ പ്രജീഷ് ജോണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ പ്രജീഷിനെ കല്ലടിക്കോട് പൊലിസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ പിന്‍വശമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് സിമന്റ് ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും കല്ലടിക്കോട് പൊലിസും അറിയിച്ചു.
അതേസമയം, റോഡിന്റെ അപാകതയാണ് പനയംപാടത്തെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന നാട്ടുകാരുടെ പരാതിയില്‍ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മറ്റ് ജനപ്രതിനിധികള്‍, നാട്ടുകാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. രാവിലെ 11ന് കലക്ടറേറ്റില്‍ വച്ചാണ് യോഗം.
ഇന്നലെ വൈകിട്ട് 3.45നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം. പാലക്കാടുനിന്ന് മണ്ണാര്‍ക്കാട്ടേക്കു വരികയായിരുന്ന സിമന്റ് കയറ്റിയ ലോറിയാണ് കുട്ടികള്‍ക്കു മുകളിലേക്ക് മറിഞ്ഞത്. എതിര്‍ദിശയില്‍ വരികയായിരുന്ന പ്രജീഷിന്റെ ലോറി സിമന്റ് ലോറിയില്‍ തട്ടിയതാണ് അപകട കാരണം.
കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളും ചെറുള്ളി സ്വദേശികളും സുഹൃത്തുക്കളുമായ പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാം ഫാരിസ ദമ്പതികളുടെ മകള്‍ പി.എ ഇര്‍ഫാന ഷെറിന്‍ (13), പേട്ടേത്തൊടി അബ്ദുള്‍ റഫീഖ് ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ (12), കലവലിങ്ങല്‍ അബ്ദുള്‍ സലീം നബീസ ദമ്പതികളുടെ മകള്‍ കെ.എം നിദ ഫാത്തിമ (13), അത്തിക്കല്‍ ഷറഫുദ്ദീന്‍ സജ്‌ന ദമ്പതികളുടെ മകള്‍ എ.എസ് അയിഷ (13) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
നിയന്ത്രണംവിട്ട സിമന്റ് ലോറി ദേശീയപാതയോരത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ലോറിയില്‍നിന്ന് സിമന്റ് ചാക്കുകള്‍ മാറ്റി കുട്ടികളെ പുറത്തെടുക്കാനായുള്ള ശ്രമങ്ങളാരംഭിച്ചു. അഗ്‌നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. ഉടന്‍ ആംബുലന്‍സുകളില്‍ തച്ചമ്പാറയിലേയും മണ്ണാര്‍ക്കാട് വട്ടമ്പലത്തേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാസര്‍കോട് സ്വദേശികളായ സിമന്റ് ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെ ഇന്നലെ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരുക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ലോറി ബ്രേക്ക് ചെയ്‌തെങ്കിലും ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം നിയന്ത്രിക്കാനായില്ലെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.