ന്യൂഡല്‍ഹി: പാലക്കാട്ട് വ്യവസായ സ്മാര്‍ട് സിറ്റി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട്ട് വരുക. 3806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി ചെലവ് കണക്കാക്കുന്നത്. ഇതിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.
സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്ന് പാലക്കാട് പുതുശ്ശേരിയിലാണ് സ്മാര്‍ട്‌സിറ്റി വരിക. ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍.
മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
ഏകദേശം 1.52 ലക്ഷം കോടി രൂപയായിരിക്കും പദ്ധതിയുടെ നിക്ഷേപ സാധ്യത. വൻകിട ആങ്കർ വ്യവസായങ്ങളിൽ നിന്നും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നോ MSME കളിൽ നിന്നോ നിക്ഷേപം സുഗമമാക്കുന്നതിലൂടെ ഊർജ്ജസ്വലമായ ഒരു വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.