AchievementLatest

പി. അരവിന്ദാക്ഷന്‍ അവാര്‍ഡ് അനിരു അശോകിന്

Nano News

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് മുന്‍ റസിഡന്റ് എഡിറ്ററുമായിരുന്ന പി. അരവിന്ദാക്ഷന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച ജനറല്‍ റിപ്പോര്‍ട്ടിനുള്ള മാധ്യമപുരസ്‌കാരം മാധ്യമം തിരുവനന്തപുരം ബ്യൂറോ സീനിയര്‍ കറസ്‌പോണ്ടന്റ് അനിരു അശോകിന്. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2024 ജൂലൈ 22ന് ‘പി.എസ്.സി വിവരങ്ങള്‍ വില്‍പനക്ക്’ എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. പി.എസ്.സിയുടെ ഔദ്യോഗിക സെര്‍വര്‍ ഹാക്ക് ചെയ്ത് 65 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാര്‍ത്തയുടെ ഉള്ളടക്കം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജോണ്‍ മുണ്ടക്കയം, എന്‍.പി. ചെക്കുട്ടി, കെ. ബാബുരാജ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിത്തും അറിയിച്ചു. പി. അരവിന്ദാക്ഷന്റെ കുടുംബമാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ അനിരു അശോകന്‍ 2014 മുതല്‍ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നു. ആറ്റിപ്ര അശോകന്‍- ലീജ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.ഡി. ശ്യാമ. മക്കള്‍: ദ്രുപദ് എ.എസ്, ഇതിക ജാനകി.
മികച്ച കായിക ലേഖകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ജി.വി.രാജ പുരസ്‌കാരം (2020), സംസ്ഥാന ശിശുക്ഷേമ സമിതിയുടെ എന്‍. നരേന്ദ്രന്‍ സ്മാരക പുരസ്‌കാരം (2023), കോട്ടയം പ്രസ് ക്ലബിന്റെ മികച്ച രാഷ്ട്രീയ ലേഖകനുള്ള ജി.വേണുഗോപാല്‍ പ്രത്യേക പുരസ്‌കാരം (2022), ഡോ.എ.പി.ജെ അബ്ദുള്‍ കലാം സ്റ്റഡി സെന്ററിന്റെ മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകനുള്ള ഭാരതീയം പുരസ്‌കാരം (2023), സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച സിനിമ ലേഖകനുള്ള പുരസ്‌കാരം (2019) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മലയാള മനോരമ ബ്യൂറോ ചീഫ് ജയൻ മേനോൻ, പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് എ. ബിജുനാഥ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply