കോഴിക്കോട്:കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ലഹരി വേട്ടയ്ക്കാണ് കേരളം സാക്ഷിയായത്. 30 കോടിയുടെ ലഹരി വസ്തുക്കളാണ് ഇതിനോടകം പിടിച്ചെടുത്തത്. ലഹരിവേട്ടയുടെ ഭാഗമായി ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളിൽ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
3706.743 ഗ്രാം എം.ഡി.എം.എ, 392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയിൽ, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗൺ ഷുഗർ, 12.6709 ഗ്രാം മെത്താഫെറ്റാമിൻ, 31.23 ഗ്രാം ഹെറോയിൻ, 428 കഞ്ചാവ് ചെടികൾ, 11 എൽഎസ്ഡി സ്റ്റാമ്പുകൾ, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്സ്, 3294 കഞ്ചാവ് ബീഡികൾ തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ജൂൺ 24-ന് എറണാകുളത്ത് നിന്ന് പിടികൂടിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ടയും, പത്തനംതിട്ട പോലീസിന്റെ ശാസ്ത്രീയാന്വേഷണത്തിലൂടെ ഡൽഹി,കർണാടക എന്നിവിടങ്ങളിൽ നിന്നും നൈജീരിയൻ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എംഡിഎംഎ വേട്ട, കാസർകോട്ടെ പുകയില നിർമ്മാണ കേന്ദ്രം തകർത്ത് 15000 പാക്കറ്റ് ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്.
ജൂൺ 27ന് രാത്രി നടത്തിയ ‘തൂഫാൻ സ്ട്രൈക്ക്’ എന്ന സ്പെഷ്യൽ ഡ്രൈവിലൂടെ മാത്രം 799 കേസുകൾ രജിസ്റ്റർ ചെയ്യുകയും 806 പേരെ അറസ്റ്റിലാക്കുകയും ചെയ്തു. സ്കൂൾ കോളേജ് പരിസരങ്ങളിൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതോടെ ലഹരി വില്പനയും വിപണനവും ഗണ്യമായി കുറഞ്ഞുവരുന്ന പ്രവണതയാണ് കാണാനാകുന്നത്. വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഓപ്പറേഷൻ തൂഫാനെ ശ്രദ്ധേയമാക്കി മാറ്റിയിട്ടുണ്ട്.
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി വ്യാപനം ഫലപ്രദമായി തടയാനും കേന്ദ്ര ഏജൻസികളുടെ യോഗം ആഭ്യന്തര വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയിരുന്നു. ഇതിൻ്റെ ഫലമായി ‘ടി-ഇന്റ്’ എന്ന പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ഡ്രോൺ, സൈബർ നിരീക്ഷണങ്ങൾ ശക്തമാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂളുകളിലും കോളേജുകളിലുമായി ഇരുപത് ലക്ഷത്തോളം വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത തൂഫാൻ പ്രതിജ്ഞയും റാലികളും നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി ‘തൂഫാൻ വാരിയർ’ ബാഡ്ജ് വിതരണം നിർവ്വഹിച്ചിരുന്നു. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗങ്ങളിലെ സംഘടനകളും വ്യക്തികളും തൂഫാൻ വാരിയർമാരായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്.140 നിയോജക മണ്ഡലങ്ങളിലും മന്ത്രിമാരും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അണിനിരന്ന നിരവധി പരിപാടികളും ശ്രദ്ധേയമായി.
ലഹരിവ്യാപനത്തിനെതിരെകർശന നിയമനടപടികൾ കൈക്കൊള്ളുന്നതിനോടൊപ്പം ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു. ഇതിനോടകം 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളും പോലീസ് സംഘടിപ്പിച്ചു. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ അയ്യായിരത്തിഒരുന്നൂറിലധികം ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരിയ്ക്ക് അടിമപ്പെട്ടവരെ കൗൺസിലിംഗിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന മാനുഷികമായ ലക്ഷ്യവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നേറുന്ന ഈ പദ്ധതിക്കുണ്ട്.
ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺഹിൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത പദ്ധതി ചുരുങ്ങിയ നാളുകൾകൊണ്ട് ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധമായി മാറിയിട്ടുണ്ട്. സമൂഹത്തിലെ രാഷ്ട്രീയ- മത-സാമൂഹിക-സാംസ്‌ക്കാരിക നേതാക്കളുടെയും സിനിമാ താരം മോഹൻലാൽ ഉൾപ്പെടെയുള്ള കലാകാരന്മാരുടേയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഓപ്പറേഷൻ തൂഫാനെ നിരന്തരമായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ബോധവൽക്കരണം ശക്തമാക്കാൻ മതനേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളും സാമൂഹിക, സാംസ്കാരിക സംഘടനകളും
മാധ്യമങ്ങളും ഇതിനോടകം തൂഫാൻ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്. ഈ ‘കൊടുങ്കാറ്റ്’ വരും മാസങ്ങളിൽ കൂടുതൽ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാ ഡാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു.










