Wednesday, November 27, 2024
LatestPolitics

ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ


രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മോദി തുടരുമോ അതോ രാജ്യ ഭരണം ഇൻഡ്യ മുന്നണി പിടിച്ചെടുക്കുമോ എന്നാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലമായി മോദിയുടെ നേതൃത്വത്തിൽ തുടരുന്ന ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ, ഫലങ്ങളെ തള്ളുകയാണ് ഇൻഡ്യ നേതാക്കൾ. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ നാളെ രാവിലെ അഞ്ചരയോടെ തുറക്കും. മുൻപ് 7.30ന് ശേഷമാണ് ഇവ തുറന്നിരുന്നത്. 4ന് തന്നെ ഒരുക്കങ്ങൾക്കുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക. ആദ്യം എണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകും യന്ത്രങ്ങളുടെ മുദ്ര പൊട്ടിക്കുക.

ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ റാൻഡം ചെക്ക് ചെയ്യും. ഓരോ മെഷീനിലെയും കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ പരിശോധന നടത്തുന്നത്. ശേഷം ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൽറ്റ് റിട്ടേണിങ് ഓഫിസർ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ നടത്തൂ.

അതേസമയം, വോട്ടെണ്ണൽ ക്രമീകരണങ്ങൾ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഏഴു ഘട്ടമായിട്ടാണ് രാജ്യത്ത് ലോക്സഭാ വോട്ടെടുപ്പ് നടന്നത്.

വോട്ടെണ്ണലിൽ ജാഗ്രത ഉറപ്പാക്കണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചു. പാർട്ടിയുടെ മുഴുവൻ സ്ഥാനാർഥികളുമായും സംസ്ഥാന അധ്യക്ഷന്മാരടക്കം മുതിർന്ന നേതാക്കളുടെയും വെർച്വൽ യോഗം വിളിച്ചാണ് നിർദേശം നൽകിയത്.


Reporter
the authorReporter

Leave a Reply