General

ഓൺലൈൻ മുദ്രപത്രംപരിഷ്‌കാരം വിനയായി; ജനത്തിന് ദുരിതം- ധൃതിപിടിച്ച് നടപ്പിലാക്കിയ പദ്ധതി പാതിവഴിയിൽ നിർത്തി


തൊടുപുഴ: വേണ്ടത്ര മുന്നൊരുക്കങ്ങളോ പഠനങ്ങളോ ഇല്ലാതെ നടപ്പിലാക്കിയ ഓൺലൈൻ മുദ്രപത്ര ഇടപാട് പാതിവഴിയിൽ നിർത്തിവച്ചതുമൂലം ജനം ദുരിതത്തിൽ. ഓൺലൈൻ ആക്കുന്നതിനു മുന്നോടിയായി മുദ്രപത്രം അച്ചടി നേരത്തെ തന്നെ സർക്കാർ അവസാനിപ്പിച്ചിരുന്നു. ഇതുമൂലം ചെറിയ തുകക്കുള്ള മുദ്രപത്രങ്ങൾ ലഭിക്കാതാവുകയും വലിയ വിലകൊടുത്ത് കൂടിയ തുകക്കുള്ള മുദ്രപത്രങ്ങൾ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലുമായിരുന്നു ജനം.

10 രൂപയുടെയും 20 രൂപയുടെയും മുദ്രപത്രങ്ങൾ മൂല്യമുയർത്തി 100 രൂപയുടെ സീൽ പതിപ്പിച്ച് വിൽപന നടത്തി ക്ഷാമം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനെതിരേ ചിലർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് തിരിക്കിട്ട് സർക്കാർ ഓൺലൈൻ സംവിധാനം നടപ്പിലാക്കുകയായിരുന്നു. പണം ട്രഷറിയിൽ അടച്ചാൽ മുദ്രപത്രം ഡൗൺലോഡ് ചെയ്തെടുക്കുന്നതാണ് ഒാൺലൈൻ രീതി.

മൂന്നു ദിവസം ഓൺലൈനായി മുദ്രപത്രം നൽകിയെങ്കിലും വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ 24 ദിവസങ്ങളായി അതും നിർത്തി വച്ചിരിക്കുകയാണ്. ഓൺലൈൻ സംവിധാനം നിലവിൽ വന്നതിനാൽ വെണ്ടർമാർ കടലാസ് മുദ്രപത്രങ്ങൾ ട്രഷറികളിൽ നിന്നും എടുത്ത് വയ്ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല പല സബ് ട്രഷറികളിലും ഇപ്പോൾ 500 രൂപയുടെ മുദ്രപത്രങ്ങൾ സ്റ്റോക്കില്ല. അതുകൊണ്ട് തന്നെ 50 രൂപയുടേതിനും 100 രൂപയുടേതിനും പകരം 1000 രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങേണ്ട ഗതികേടിലുമാണ് ജനം.

ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി വലിയ തുകക്കുള്ള മുദ്രപത്രങ്ങൾ ഓൺലൈനായി ലഭിക്കുന്നതിന് തടസമില്ല. ചെറിയ തുകക്കുള്ള മുദ്രപത്രങ്ങൾ മാത്രമാണ് കിട്ടാനില്ലാത്തത്. ഇതുമൂലം പൊതുജനത്തിന് വലിയ സാമ്പത്തിക നഷ്ടം വരുമ്പോൾ സർക്കാരിന് സാമ്പത്തിക ലാഭവുമാണ് ഫലം.


Reporter
the authorReporter

Leave a Reply