HealthLatest

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി.

Nano News

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശി മണത്തല കുരിക്കളകത്ത് അബ്ദുറഹീം (59) ആണ് മരിച്ചത്. ഇപ്പോൾ താമസിക്കുന്ന വടകരയിലെ വാടക വീട്ടിൽ നിന്ന് നാട്ടുകാരായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയ രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ റഹീം അബോധാവസ്ഥയിലായിരുന്നു. ഇടയ്ക്കിടെ നാട്ടിൽ നിന്നും വിട്ടു നിൽക്കുന്ന സ്വഭാവക്കാരനാണ് റഹീം. മൂന്ന് വർഷം മുമ്പ് വീടു വിട്ടിറങ്ങിയതെന്നാണ് വിവരം. ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഒറ്റയ്ക്കാണ് റഹീം താമസിച്ചുവന്നിരുന്നത്. അതിനാൽ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. പിതാവ്: ചാവക്കാട് മണത്തൽ മലബാരി കുഞ്ഞുമുഹമ്മദ്. ലൈലയാണ് റഹിമിന്റെ ഭാര്യ. മക്കൾ: ഷഫ് ന, ഐഷ.
നിലവിൽ പത്ത് പേരാണ് രോഗം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നു പേരും മെഡിക്കൽ കോളെജിൽ ആറു പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. ഇതേ സമയം രണ്ടു കുട്ടികൾ അടക്കം മൂന്നു പേർ രോഗ മുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. മെഡിക്കൽ കോളെജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരിയാണ് രോഗ മുക്തി നേടി അവസാനം ആശുപത്രി വിട്ടത്. ചാവക്കാട് സ്വദേശി ഉൾപ്പെടെ ഒന്നര മാസത്തിനിടെ ഏഴു പേരാണ് മെഡിക്കൽ കോളെജിൽ ചികിത്സക്കിടെ മരണപ്പെട്ടത്. താമരശ്ശേരി സ്വദേശി അനയ, മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ശോഭന, വയനാട് ബത്തേരി സ്വദേശി രതീഷ്, ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല, ചേലേമ്പ്ര സ്വദേശി ഷാജി എന്നിവരാണ് ഇതിനകം മെഡിക്കൽ കോളെജ് ആശുപത്രിയിൽ മരണപ്പെട്ടത്.


Reporter
the authorReporter

Leave a Reply