പാലക്കാട്: ക്ലാസ്മുറികളെ ചിരിപ്പിക്കാന്‍ കളിചിരികളില്‍ ആറാടിക്കാന്‍ ഇനി ആ അഞ്ചംഗ ചങ്ങാതിക്കൂട്ടമില്ല. അഞ്ചിലൊരാള്‍ അജ്നയെ തനിച്ചാക്കി നാലുപേര്‍ വിടപറഞ്ഞിരിക്കുന്നു. ചെറിയ ക്ലാസില്‍ തുടങ്ങിയ ചങ്ങാതിക്കൂട്ടമാണ്. അയല്‍ക്കാര്‍..ഒരേപ്രായക്കാര്‍.
അഞ്ച് പേരും എട്ടാം ക്ലാസിലായിരുന്നു. ആയിഷ എട്ട് ഇയിലും ബാക്കിയുള്ളവര്‍ ഡി ഡിവിഷനിലും. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നു അവര്‍ക്ക്. ഇന്ന് നടക്കാനിരുന്ന ഹിന്ദി പരീക്ഷയിലായിരുന്നു പേടി. ഇക്കാര്യം സംസാരിച്ചുകൊണ്ട് നടക്കവേയാണ് അപകടമുണ്ടായത്.
പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി അവര്‍ ഒന്നിച്ചു നടന്നു തീര്‍ത്ത വഴിയില്‍ വെച്ചു തന്നെ. ആ കലപിലക്കൂട്ടത്തിന്റെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഏറെ പരിചിതമാണ് ആ നാടിനും നാട്ടുകാര്‍ക്കും എന്തിനേറെ ആ വഴിപ്പടര്പ്പുകള്ക്കു പോലും.
ഇനി ആ വഴി നടന്നു തീര്‍ക്കാന്‍ അജ്ന മാത്രമുണ്ടാവും. അവളുടെ ഓര്‍മച്ചെപ്പില്‍ ചേര്‍ത്തു വെക്കാന്‍ ആയിഷയുടെ നനഞ്ഞ കുടയുണ്ട്. ബാഗില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് പിടിക്കാന്‍ തന്നതായിരുന്നു അവള്. പിന്നെ റിദയുടെ റൈറ്റിംഗ് പാഡും.