കോഴിക്കോട്:ചാലിയത്തിന് മന്ത്രിസഭ നൽകുന്ന ഒന്നാം വാർഷിക സമ്മാനമാണ് ഓഷ്യാനസ് ചാലിയം പദ്ധതിയെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഓഷ്യാനസ് ചാലിയം പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ വിനോദസഞ്ചാര സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് മുന്നോട്ടുവെക്കുന്നത്. ഇതിൻ്റെ ഭാഗമായി ഓഷ്യാനസ് ചാലിയം പദ്ധതിയിലൂടെ ചാലിയത്തിൻ്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടാനുള്ള ടൂറിസം പദ്ധതികൾക്ക് തുടക്കമിടുകയാണ്- മന്ത്രി പറഞ്ഞു.
ബേപ്പൂർ മണ്ഡലത്തെ മാതൃകാ ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയും ടൂറിസം വകുപ്പിൻ്റെ പ്രധാന പദ്ധതികളിൽ ഒന്നാണ്. സാധാരണക്കാരൻ്റെ ദൈനംദിന ജീവിതത്തിലും വരുമാനത്തിലും ഗണ്യമായ മാറ്റം വരുത്താൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കും. 2025ഓടെ ഉത്തരവാദിത്വ ടൂറിസം മേഖലയിൽ നമ്മുടെ സംസ്ഥാനത്തെ ലോകത്തിലെ തന്നെ അറിയപ്പെടുന്ന പ്രദേശമായി മാറ്റാൻ സാധിക്കുമെന്നാണ് ടൂറിസം വകുപ്പിൻ്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിഭംഗിയാലും സാംസ്കാരിക തനിമയാലും മനോഹമായ ഭൂപ്രദേശമാണ് ചാലിയം. ചാലിയാർപുഴ അറബിക്കടലുമായി സംഗമിക്കുന്ന ചാലിയം തദ്ദേശവാസികളുടെ പ്രിയപ്പെട്ട കടൽതീരമാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഓഷ്യാനസ് ചാലിയം പദ്ധതി നടപ്പിലാക്കുന്നത്. ഒരു കരയിൽ ബേപ്പൂർ മറീന പദ്ധതിയും മറുകരയിൽ ഓഷ്യാനസ് ചാലിയം പദ്ധതിയും തീരദേശ മേഖലയിലെ ടൂറിസത്തിന് പുതിയ മുഖവും പുതിയ രൂപവും നൽകും.
ആദ്യഘട്ടത്തിൽ 98.75 ലക്ഷംരൂപയുടെ ഭരണാനുമതിയാണ് ടൂറിസം വകുപ്പ് നൽകിയിട്ടുള്ളത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വഴി സിൽക്കിനാണു പദ്ധതിയുടെ പ്രവർത്തനാനുമതി. മനോഹരമായ പ്രവേശന കവാടം, നടപ്പാത, വിളക്ക് കാലുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒന്നാംഘട്ട പ്രവർത്തിയിൽ ഉൾപ്പെടും.
അതിവിപുലമായ രണ്ടാംഘട്ടത്തിന് 8.55 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതിനാൽ തുടർപ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
ചാലിയം നിര്‍ദേശിന് സമീപം നടന്ന ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായിരുന്നു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ഗവാസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടങ്ങാട്ട്, ടി. സുഷമ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സൈനുൽ ആബിദീൻ തങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസൻ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽദാസ് നന്ദിയും പറഞ്ഞു.