കോഴിക്കോട്:വിവിധ മേഖലകളില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേയും എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘നിയുക്തി 2021’ മെഗാ ജോബ് ഫെയര്‍ വെസ്റ്റ്ഹില്‍ എഞ്ചിനീയറിംഗ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ കീഴിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ സാധ്യതയ്ക്ക് അവസരമൊരുക്കുകയാണ് നിയുക്തിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സമഗ്രമായ കരിയര്‍ നയം സര്‍ക്കാര്‍ നടപ്പാക്കുകയാണ്.അഭ്യസ്ത വിദ്യരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രധാനചുവടുവെയ്പ്പ്. 35000 പേര്‍ക്കാണ് സ്റ്റാര്‍ട്ട് അപ്പ് വഴി തൊഴില്‍ ലഭ്യമായത്. വിദേശ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. അതുവഴി ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ഇലക്ട്രോണിക്ക് എക്‌ചേഞ്ചുകളാക്കി മാറ്റാന്‍ ശ്രമം നടത്തും.
ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കെഡിസ്‌ക്കുമായി (കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്റ്റാറ്റര്‍ജിക് കൗണ്‍സില്‍) ധാരണാപത്രം ഒപ്പിടാന്‍ തയ്യാറായിട്ടുണ്ട്. നൈപുണ്യ തൊഴില്‍ പരിശീലനവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
105 കമ്പനികളാണ് മെഗാ ജോബ് ഫെയറിനെത്തിയത്.10,000 പേരാണ് ജോബ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.ടി, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഹെല്‍ത്ത് തുടങ്ങി വിവിധ മേഖലകളിലുള്ള കമ്പനികളാണ് ജോബ് ഫെയറില്‍ പങ്കെടുത്തത്.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ സി.എസ് സത്യഭാമ, എംപ്ലോയ്‌മെന്റ് റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ രമ, എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ സജിത്ത് പി .ടി, സബ് റീജ്യണല്‍ എംപ്പോയ്‌മെന്റ് ഓഫീസര്‍ എം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.