കോഴിക്കോട്:ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി വട്ടക്കിണറില്‍ നിന്നാരംഭിച്ച് അരീക്കാട് അവസാനിക്കുന്ന മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സഹകരണ പ്രസ്സ് (കെ.ഡി.സി പ്രസ്)ആന്റ് മെമ്പേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്ലായി മാനാരിയില്‍ ആരംഭിച്ച പ്രിന്റിങ് സമുച്ഛയത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണും. ഇതിനായി വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ദേശിയ പാത വീതികൂട്ടി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. പന്നിയങ്കര പോലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള റോഡ് വീതി കൂട്ടുന്നത് പരിഗണിക്കും. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ടൂറിസം വികസനം പരിപൂര്‍ണ്ണമായി നടപ്പാക്കുന്നതിന് വകുപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. സാങ്കേതിക വിദ്യയിലെ ദൈനംദിന മുന്നേറ്റം പ്രിന്റിങ് മേഖലയിലും വലിയമാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നടത്തി. തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം തന്നെ നടപ്പാക്കി മുന്നോട്ടുപോകുമെന്നും
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു മുന്നേറാമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ സഹകരണ പ്രസ്സ് ആന്റ് മെമ്പേഴ്സ് സൊസൈറ്റി പ്രസിഡന്റ് കാനങ്ങോട്ട് ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മുഖ്യാതിഥിയായി. ജില്ലാ സഹകരണ പ്രസ്സ് ആന്റ് മെമ്പേഴ്സ് സൊസൈറ്റി സെക്രട്ടറി അരുണ്‍ സി. ആനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിജയന്‍ പി മേനോന്‍, ഡയറക്ടര്‍ കെ രാജീവ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ. ഡി.സി പ്രസ് മുന്‍ പ്രസിഡന്റ് എ.ടി അബ്ദുള്ള കോയ, ബില്‍ഡിങ് കോണ്‍ട്രാക്ടര്‍ കെ മജീദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.