General

റോഡ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പണരഹിത ചികിത്സ; പദ്ധതി പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി


ന്യൂഡല്‍ഹി: റോഡ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പണരഹിത ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. എല്ലാതരം വാഹനാപകടങ്ങളും ഉള്‍പെടുന്നതാണ് പദ്ധതി. പൊലിസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് (NHAപദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക.

നിലവില്‍ അസം, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, പുതുച്ചേരി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സ്‌കീമില്‍ നിന്ന് ഇതുവരെ 6,840 പേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചാല്‍ മണിക്കൂറില്‍ ചികിത്സ ഉറപ്പാക്കി 50,000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായി മൂന്ന് പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

കണക്കുകള്‍ പ്രകാരം 2023 ല്‍ റോഡ് മരണങ്ങള്‍ 1.72 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് 4.2 % കൂടുതലാണ്. ഹെവി വാഹനങ്ങള്‍ക്കായി ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം എന്നിവയും നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നവര്‍ക്കുള്ള പാരിതോഷികം നിലവില്‍ 5000 രൂപയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. എയര്‍ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply